കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് ശക്തമെന്ന് സിറോ മലബാർ സിനഡ്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിനഡ് ആരോപിച്ചു. സിനഡിന്റെ ചർച്ചകൾക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സിറോ മലബാർ സഭ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലവ് ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലവ് ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.
സംസ്ഥാനത്ത് ലവ് ജിഹാദ് ശക്തമാണെന്ന ആക്ഷേപം പലകോണുകളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരു വസ്തുതയാണെന്ന് കേരളത്തിലെ ഒരു പ്രമുഖ സമുദായ സംഘടന സ്ഥിരീകരിക്കുന്നു. കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത നിരവധി പെൺകുട്ടികൾ ലവ് ജിഹാദിലൂടെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സിനഡ് വിലയിരുത്തി. ലൗ ജിഹാദ് എന്നത് സാങ്കൽപികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് ഗൌരവത്തോട കാണുന്നില്ലെന്ന കുറ്റപ്പെടുത്തലും സിനഡ് നടത്തി.
മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി.