മലപ്പുറം: ജില്ലയിൽ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചു എങ്കിലും പോരാട്ടം തുടരുക തന്നെയാണ്. കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ച് ചികിത്സയിലേക്ക് മാറിയതോടെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സെന്റിനറി കെട്ടിടമാണ് ഇനി മുതൽ കുറച്ച് ദിവസത്തേക്ക് ഭരണ സിരാകേന്ദ്രം ആകുക.
കുറച്ചു ദിവസമായി കളക്ടർ അടക്കം ഉളളവർ ഓൺലൈൻ വഴിയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നതും തീരുമാനങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കുന്നതും. ഇതിന് ആവശ്യമായ ഇന്റർനെറ്റ് സൗകര്യങ്ങൾ അടക്കം എല്ലാം കോട്ടക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. രോഗം ആരോഗ്യ സ്ഥിതി മോശമാക്കാത്ത സാഹചര്യത്തിൽ ആലോചന യോഗങ്ങളും മറ്റും ഓൺലൈൻ വഴി സംഘടിപ്പിക്കാൻ ഇവിടെ നിന്നും സാധിക്കും.