മലപ്പുറം: കോവിഡ് ചികിത്സയിൽ ആണെങ്കിലും മലപ്പുറം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണനും ടീമും രോഗത്തോട് വിശ്രമം ഇല്ലാതെ പോരാടുകയാണ്. കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലെ സെന്റിനറി ബ്ലോക്കിലെ ചികിത്സ മുറികൾ ഇപ്പോൾ മലപ്പുറത്തിന്റെ കോവിഡ് വാർ റൂമുകൾ ആണ്. ഓഗസ്റ്റ് 14ന് മണിക്കൂറുകൾ കൊണ്ടാണ് ഇവിടെയിരുന്ന് ഭരണനിർവഹണം നടത്താനുള്ള സൗകര്യങ്ങൾ എല്ലാം ആരോഗ്യവകുപ്പ് ഒരുക്കിയത്.
അന്നുമുതൽ ജില്ലയുടെ ഭരണസിരാകേന്ദ്രം ഇവിടെ ആയി. ഓൺലൈൻ മീറ്റിങ്ങുകളും അവലോകനങ്ങളും അന്വേഷണങ്ങളുമെല്ലാമായി കളക്ടറും സംഘവും മുമ്പത്തേക്കാൾ തിരക്കിലാണ് ഇപ്പോൾ. കളക്ടർക്ക് ഒപ്പം സബ് കളക്ടർ കെ.എസ് അഞ്ജുവും അസിസ്റ്റന്റ് കളക്ടർ വിഷ്ണു രാജും ഉണ്ട്. ഇവരെല്ലാം മുഴുവൻ സമയവും ജോലിയിൽ തന്നെയാണ്. കോവിഡ് സ്ഥിരീകരിച്ച എസ്.പി യു അബ്ദുൽകരീം ഐപിഎസ് മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.
'ക്വാറന്റീൻ സമയത്ത് എങ്ങനെ ജോലി ചെയ്യുന്നുവോ അതുപോലെ തന്നെ ഇപ്പോഴും'- കളക്ടർ പറഞ്ഞു. ' "രോഗബാധ ഒരു തരത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ല. ദിവസം ആറിലധികം മീറ്റിംഗുകൾ. പിന്നെ ഫോൺ വഴിയുള്ള അന്വേഷണങ്ങൾ, താഴെ തട്ടിൽ എല്ലാ നിർദ്ദേശങ്ങളും നടപ്പാകുന്നു എന്ന് ഉറപ്പാക്കുന്നുണ്ട് എപ്പോഴും" - അദ്ദേഹം കൂട്ടിച്ചേർത്തു.
"ആളുകൾ ഇപ്പോഴും സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നില്ല. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക ഇതൊക്കെ കർശനമായി ചെയ്യണമെന്ന് ആരും മനസ്സിലാക്കുന്നില്ല. അതാണ് രോഗവ്യാപനം കൂടാൻ കാരണം. രോഗം സ്ഥിരീകരിക്കുന്നതിൽ ഭൂരിഭാഗവും 18നും 50നും ഇടയിൽ പ്രായമുളളവർ ആണ്. ഇവർ ഇനിയെങ്കിലും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകണം." കളക്ടർ തന്റെ ആശങ്ക പങ്കുവെച്ചു.