ഡൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാൻ അധികൃതരുടെ അനുമതി തേടി മലയാളി. പാലാ കുടക്കച്ചിറ സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ നവീൽ ടോം ജോസ് കണ്ണാട്ട് ആണ് ആരാച്ചാരാകാൻ രംഗത്തെത്തിയത്. നിർഭയ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നവീൽ ഡൽഹി സെൻട്രൽ ജയിൽ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയിൽ അയച്ചിരിക്കുന്നത്.
പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാൽ വയനാട്ടിലെ ആദിവാസി മേഖലയിൽ ആംബുലൻസ് വാങ്ങാൻ ഈ പണം ഉപയോഗിക്കുമെന്നാണ് നവീൽ പറയുന്നത്. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളിൽ സേവനം ചെയ്തിരുന്ന നവീൽ ഇപ്പോൾ കുടുംബ സമേതം ഡൽഹിയിലാണു താമസം.
സ്കാനിയ ബസും കണ്ടെയ്നർ ലോറികളും ഓടിച്ചിരുന്ന നവിൽ നിർഭയ സംഭവം നടന്ന ഡൽഹി വസന്ത് വിഹാർ മഹിപാൽപൂരിലായിരുന്നു താമസം. രണ്ടു പെണ്മക്കളുടെ പിതാവ് കൂടിയാണ് നവീൽ. നിർഭയക്കേസിൽ പ്രതികൾക്കു വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടിയത്. ആരാച്ചാർമാരെ കിട്ടാനില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് നവീൽ മുന്നോട്ടുവന്നിരിക്കുന്നത്.