കൊല്ലം: പോലീസ് മർദ്ദനത്തിൽ കുടൽ തകർന്നെന്ന പരാതിയുമായി യുവാവ്. മർദ്ദനമേറ്റ കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതിൽ വീട്ടിൽ സജീവിനെ(35) തിരു. മെഡി കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ 27 ന് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ അന്യായമായി കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നാണ് ആരോപണം. പോലീസ് നിയമനം കാത്തിരിക്കുന്ന യുവാവിനാണ് മർദ്ദനമേറ്റത്.
കുണ്ടറ സ്വദേശി സജീവിനെയും സുഹൃത്തിനെയും റോഡിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം നടത്തിയെന്നാണ് പരാതി. വയറിൽ ബൂട്ടുപയോഗിച്ച് ചവുട്ടി. ഈ മർദ്ദനമുറയിൽ കുടൽ തകർന്നതായാണ് ആരോപണം. യുവാവിന്റെ ഭാര്യ വനിതാ പോലീസാണ്. ഇവർ തമ്മിൽ വിവാഹ മോചന കേസ് നടക്കുന്നുണ്ട്. മർദ്ദനത്തിന് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന ആരോപണം സജീവിന്റെ അഭിഭാഷകൻ ജോസ് കുണ്ടറ ഉന്നയിക്കുന്നു. പോലീന്റെ ഭീഷണി കാരണം മജിസ്ട്രേറ്റിനോട് മർദ്ദന വിവരം പറഞ്ഞില്ല.
റിമാൻഡിലായി ജില്ലാ ജയിലിലെത്തിയതിനെ പിന്നാലെ കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതയുമുണ്ടായി. ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ കുടലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരു.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 2015ൽ യുവാവിന് പോലീസ് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചിരുന്നു. കുടുംബവഴക്ക് അടക്കം നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ട സജീവ് നിയമപരമായി തർക്കങ്ങൾ അവസാനിപ്പിച്ച് നിയമനം നേടാനിരിക്കെയാണ് സംഭവം.