വന്മഴി കരക്കാര് പള്ളിയോട തച്ചന് വേണു ആചാരിയുമായി ബന്ധപ്പെട്ടു. തിരുവോണത്തിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പള്ളിയോടം നീരണിയിക്കാന്‍ കഴിയുമെന്ന ഉറപ്പ് അദ്ദേഹം നൽകി. ഇതോടെ ഉത്രട്ടാതിക്ക് വന്മഴിയും ആറന്മുളയിലുണ്ടാവുമെന്ന വിശ്വാസത്തിലാണ് കരക്കാർ.
News18 Malayalam | August 31, 2019, 9:14 PM IST
1/ 5
ആറന്മുള: ചെങ്ങന്നൂരിന് സമീപം പമ്പാനദിയിലെ മിത്രപ്പുഴക്കടവ് പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ വന്മഴി പള്ളിയോടം ഒടിഞ്ഞു. പള്ളിയോടത്തിന്റെ കൂമ്പിന്റെ ഭാഗമാണ് ഒടിഞ്ഞത്. പള്ളിയോടം മറിഞ്ഞ് 15 പേർ ഒഴുക്കില്‍പ്പെട്ടെങ്കിലും അവർ രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട പള്ളിയോടത്തിന്റെ ഒടിഞ്ഞ ഭാഗവും അമരത്തിന്റെ ഭാഗവും കോടിയാട്ടുകരയ്ക്കു സമീപം സാഹസികമായി കരയ്ക്കടുപ്പിക്കുകയായിരുന്നു.
2/ 5
പമ്പാ നദിയിലെ ശക്തമായ ഒഴുക്കിന് പുറമേ ശക്തമായ കാറ്റും നിയന്ത്രണം തെറ്റാന്‍ കാരണമായതായി പള്ളിയോടവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ആറന്മുളയില് 23 ന് എത്തിയ പള്ളിയോടം മുതവഴി പള്ളിയോടത്തിന്റെ നീരണിയല്‍ ചടങ്ങിന് അകമ്പടി സേവിക്കാനാണ് തിരികെ എത്തിച്ചത്. ബോട്ട് ഉപയോഗിച്ച് നേരത്തേ പുത്തന്‍കാവ് അത്തിമൂട് കയത്തിന് സമീപം കെട്ടി വലിച്ച് അപകടം ഒഴിവാക്കി യാത്ര തുടരുന്നതിനിടെയാണ് മംഗലം മിത്രപ്പുഴക്കടവ് പാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്.
3/ 5
എല്ലാ പള്ളിയോടത്തിലും ആവശ്യത്തിന് ജീവന് രക്ഷാ ഉപകരണങ്ങള്‍ കരുതുന്നതിന് പുറമേ പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിരിക്കുന്ന ബോട്ടിലും ലൈഫ് ജാക്കറ്റ് ലൈഫ് ബോയ് തുടങ്ങിയവ കരുതിയിരുന്നു. ഇതാണ് രക്ഷപ്പെടുത്താന്‍ ഉപയോഗിച്ചത്. പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയ ബോട്ട് പള്ളിയോടത്തെ അനുഗമിച്ചിരുന്നു.
4/ 5
ഒഴുക്കില്‍പ്പെട്ട അഞ്ച് പേരെ അഗ്നിശമന സേനയുടെയുടെ ബോട്ടും സേവാഭാരതിയുടെ ഫൈബര്‍ വള്ളവുമെത്തി രക്ഷപ്പെടുത്തി. പുത്തന്‍കാവ് പാലത്തില്‍ നിന്ന് രാവിലെ നദിയിലേക്ക് ചാടിയ ആളിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്നു ഇവര്‍. ഇതില്‍ മൂന്ന് പേര് കോടിയാട്ടുകര കടവിന് സമീപമാണ് രക്ഷപ്പെടുത്തിയത്.
5/ 5
പള്ളിയോടം അപകടത്തില്‍പ്പെട്ടതറിഞ്ഞ് പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ദുരന്തനിവാരണ വിഭാഗം അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടു. ചെങ്ങന്നൂരില്‍ റവന്യൂ പൊലീസ് അധികൃതര്‍ ഉടന്‍ സ്ഥലത്തെത്തി. പള്ളിയോടം ഒടിഞ്ഞതറിഞ്ഞ് ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോട കരകളില്‍ നിന്നും പള്ളിയോടത്തെ സ്നേഹിക്കുന്നവര്‍ കോടിയാട്ടുകരയിലും വന്മഴിയുമായി എത്തി.