ഗുജറാത്തിലെ ബനാസ് ഡയറി സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽമീഡിയിയൽ പങ്കുവെച്ച് മന്ത്രി ചിഞ്ചുറാണി. കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് മന്ത്രി ഗുജറാത്തിലെ ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചത്. ദേശീയ ക്ഷീര വികസനബോർഡ് ചെയർമാൻ മീനേഷ് ഷായുമായുള്ള കൂടിക്കാഴ്ച്ചയിൽ നിരവധി പദ്ധതികളിൽ ധാരണയായതായി മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്,
പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയിൽ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നത്, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി.