തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ നടപടികൾ ആരംഭിക്കുന്നതായി ചൂണ്ടികാട്ടി താമരശ്ശേരി തഹസിൽദാർ നൽകിയ നോട്ടീസ് വിവാദത്തിൽ. ജനസംഖ്യാ രജിസ്ട്രിക്കുളള നടപടികൾ തുടങ്ങുന്നതിന് വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് താമരശ്ശേരി തഹസിൽദാർ നോട്ടീസ് നൽകിയത്. ജനുവരി 13 നാണ് സ്കൂളിലെ പ്രധാന അധ്യാപകർക്ക് നോട്ടീസ് അയച്ചത്. ഏപ്രിൽ 15 നും മെയ് 29 നും ഇടയിൽ വിവരശേഖരണമുണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.
നോട്ടീസ് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സർക്കാരിന് ഇരട്ടതാപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പരസ്യമായി പറയുകയും രഹസ്യമായി അത് നടപ്പാക്കാൻ നിർദേശിക്കുകയുമാണെന്ന് എം കെ മുനീർ ആരോപിച്ചു. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നും മുനീർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്നും കേരളത്തില്‍ ജനസംഖ്യാ രജിസ്ട്രി പുതുക്കാന്‍ വ്യക്തമായ നീക്കം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നോട്ടീസ് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടികാട്ടി ജില്ലാ കളക്ടർമാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര സന്ദേശം അയച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.