കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റേയും എൽജെഡി-യുടേയും വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്ന് KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇടതുപക്ഷത്ത് നിന്നും ലഭിച്ച വോട്ടുകളാകും യു.ഡി.എഫ് വിജയത്തിലെ നിർണ്ണായക ഘടകമെന്നും മുല്ലപ്പള്ളി പറഞ്ഞു. പി ജയരാജനോട് വിരോധമുള്ള സി.പി.എമ്മുകാര്‍ വടകരയിൽ തനിക്ക് വോട്ടുചെയ്തുവെന്ന് കെ മുരളീധരൻ അവകാശപ്പെട്ടു.
കോഴിക്കോട്ടും വടകരയിലും ബി.ജെ.പി, യു.ഡി.എഫിന് വോട്ടുമറിച്ചെന്ന സി.പി.എം വിമര്‍ശനത്തിന് മറുപടിയായാണ് ഇടതുവോട്ടുകളിലെ അടിയൊഴുക്കിനെ കുറിച്ചുള്ള കെപിസിസി പ്രസിഡന്റിന്റെ അവകാശ വാദം. മുന്നണി മാറിയെത്തിയ എല്‍.ജെ.ഡിയുടെ വോട്ടുകള്‍ വലിയ തോതില്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പല സി.പി.എം നേതാക്കളും പ്രവര്‍ത്തകരും സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.