കോഴിക്കോട്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ പ്രതിഷേധപ്പെരുമഴക്കിടയിലും രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമരങ്ങളുടെ മുന്‍നിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടാവേണ്ട സമയത്ത് അദേഹം കൊറിയന്‍ സന്ദര്‍ശനത്തിലും. രാഹുല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചുവരുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും കൃത്യമായ വിവരവുമില്ല.
രാജ്യത്ത് കടുത്ത പ്രതിഷേധം അലയടിക്കുമ്പോള്‍ രാഹുല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തപ്പിത്തടഞ്ഞാണ് മറുപടി പറഞ്ഞത്. രാഹുല്‍ മനഃപൂര്‍വം മാറിനില്ക്കുന്നതല്ലെന്ന ഒരൊറ്റ വാക്കിലൊതുക്കി മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ തടിയൂരി. സോണിയാഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയുമൊക്കെ സമരരംഗത്ത് സജീവമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാനും മുല്ലപ്പള്ളി മറന്നില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളുള്ള ലോക്സഭാമണ്ഡലത്തിലൊന്നാണ് വയനാട്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പൗരത്വം തന്നെ ചോദ്യചെയ്യപ്പെടുന്ന നിയമത്തിനെതിരെ രാജ്യം കണ്ട വലിയൊരു പ്രതിഷേധത്തിന്റെ സമയത്ത് രാഹുല്‍ മാറി നില്ക്കുന്നു. രാഹുലിന്റെ അസാന്നിധ്യം കോണ്‍ഗ്രസിനകത്തും ഘടകകക്ഷികള്‍ക്കിടയിലും മുറുമുറുപ്പുയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.