തൃശ്ശൂർ : തീരദേശം കേന്ദ്രീകരിച്ച് ശ്രീലങ്കൻ തമിഴ് വംശജരെ ഓസ്ട്രേലിയയിലേക്ക് കടത്താൻ നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തൃശ്ശൂർ, എറണാകുളം, മലപ്പുറം ഭാഗങ്ങളിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി. ശ്രീലങ്കൻ തമിഴ് വംശജരായ 65 ഓളം പേർ ബോട്ടിലോ കപ്പലിലോ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് തീരപ്രദേശങ്ങൾ അതിജാഗ്രതയിലാണ്.
തൃശ്ശൂർ ജില്ലയിൽ വലപ്പാട് മുതൽ വാടാനപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. ഈ ഭാഗങ്ങളിലെ ഹോട്ടലുകളും മറ്റും നിരീക്ഷണത്തിലാണ്. കടലിൽ ബോട്ട് മാർഗവും തെരച്ചിൽ നടത്തുന്നുണ്ട്. മത്സ്യ ബന്ധന മേഖലയിലെ ബോട്ടുടകളും ബ്രോക്കർമാരുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ സംശയാസ്പദമായി ഒന്നും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തൃശ്ശൂർ റൂറൽ എസ് പി വിജയ കുമാരൻ അറിയിച്ചു.