പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിന് വെല്ലുവിളി ഉയർത്തി ദമ്പതിമാർ; വിമത സ്ഥാനാർഥികളായി തെരഞ്ഞെടുപ്പ് ഗോദയിൽ
പാർട്ടി നടപടി വകവെക്കാതെ ഒറ്റക്ക് കരുത്ത് തെളിയിക്കാൻ ഉള്ള പരിശ്രമത്തിലാണ് ഈ ദമ്പതികൾ. (റിപ്പോർട്ട്- സി വി അനുമോദ്)
News18 Malayalam | November 28, 2020, 10:36 AM IST
1/ 7
മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിൽ മുസ്ലിം ലീഗ് നേരിടുന്ന പ്രധാന തലവേദന ഇപ്പോൾ ഇടത് പക്ഷത്ത് നിന്നല്ല. മറിച്ച് റിബൽ ആയി മത്സരിക്കുന്നത് കാരണം മുസ്ലീം ലീഗ് പുറത്താക്കിയ പെരിന്തൽമണ്ണയിലെ പ്രമുഖ നേതാവ് പാച്ചീരി ഫാറൂഖും ഭാര്യ സുരയ്യ ഫാറൂഖും ആണ്. പാർട്ടി നടപടി വകവെക്കാതെ ഒറ്റക്ക് കരുത്ത് തെളിയിക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ഈ ദമ്പതികൾ.
2/ 7
രണ്ട് വട്ടം നഗരസഭ പ്രതിപക്ഷ നേതാവ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ലീഗിൻ്റെ മുൻ മുനിസിപ്പൽ മണ്ഡലം ജനറൽ സെക്രട്ടറി, എസ് ടി യു മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങി പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു പാച്ചീരി ഫാറൂക്ക്. മൂന്ന് വട്ടം മത്സരിച്ച ഇദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ചതോടെ 15 ാം വാർഡിൽ സ്വതന്ത്രൻ ആയി മത്സരിക്കുകയാണ് ഇദ്ദേഹം.
3/ 7
ഭാര്യ സുരയ്യ ഫാറൂക്ക് പത്താം വാർഡിലും സ്വതന്ത്ര സ്ഥാനാർഥിയാണ്. രണ്ട് പേരും കോണിക്ക് എതിരെ മൽസരിക്കുന്നത് ഫുട്ബോൾ ചിഹ്നത്തിൽ. ഇതോടെ രണ്ട് പേരെയും പാർട്ടി പുറത്താക്കി. പാർട്ടിനടപടി സ്വാഗതം ചെയ്ത ഫാറൂഖും ഭാര്യ സുരയ്യയും വിജയം നേടും എന്ന പ്രതീക്ഷയോടെ പോരാട്ടം തുടരുകയാണ്.
4/ 7
പാർട്ടി നടപടി സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തങ്ങൾ മികച്ച രീതിയിൽ തന്നെ പോകുന്നുണ്ട്. വോട്ട് ചോദിച്ച് ചെല്ലുമ്പോൾ തന്നെ ജനങ്ങൾ നൽകുന്ന സ്വീകാര്യത ആത്മവിശ്വാസം നൽകുന്നതാണ്. പെരിന്തൽമണ്ണയിലെ തന്നെ ലീഗ് പ്രവർത്തകരുടെ പിന്തുണ ലഭിക്കും എന്ന് ഉറപ്പ് . അത് കൊണ്ട് തന്നെ ജയവും- ഫാറൂഖ് പറഞ്ഞു.
5/ 7
ഭാര്യ സുരയ്യയും ജയിക്കും എന്ന ആത്മവിശ്വാസത്തിലാണ്. പെ രിന്തൽമണ്ണയിലെ കലാ കായിക മത്സരങ്ങളുടെ സംഘാടകൻ കൂടിയാണ് പാച്ചേരി ഫാറൂഖ്. പെരിന്തൽമണ്ണയിലെ പ്രധാന സെവൻസ് ഫുട്ബോൾ ടൂർണമെൻറുകളുടെ സംഘാടകൻ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഫുട്ബോൾ തെരഞ്ഞെടുപ്പ് ചിഹ്നമായി കിട്ടിയത് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും പാച്ചീരി ഫാറൂഖ് പങ്കുവെക്കുന്നു.
6/ 7
ഇടത് പക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉള്ള സ്ഥലമാണ് പെരിന്തൽമണ്ണ നഗരസഭ. ശക്തമായ പോരാട്ടം നടത്തിയാൽ മാത്രമേ ലീഗിന് നഗരസഭ തിരിച്ച് പിടിക്കാൻ പറ്റൂ. ഈ സാഹചര്യത്തിലാണ് ലീഗിൻ്റെ തന്നെ മുതിർന്ന നേതാവ് കുടുംബ സമേതം റിബൽ ആയി മൽസരിക്കുന്നത്. ഇത് ലീഗിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
7/ 7
അതേസമയം, മുസ്ലിം ലീഗിലെ ഭിന്നതയുടെ ഗുണം വോട്ടിംഗിൽ പ്രതിഫലിക്കും എന്നും അതിൻ്റെ നേട്ടം തങ്ങൾക്കു ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.