ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധത്തിന് പിന്തുണയുമായി മുസ്ലീം ലീഗ്. ചികിത്സാസൗകര്യം ഒരുക്കാന്‍ മുസ്ലീം ലീഗ് മുൻകൈയെടുത്ത് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നല്‍കും. കഴിഞ്ഞദിവസം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജില്ലയിലെ ആശുപത്രികളിൽ വെന്റിലേറ്റർ അടക്കം ഉള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ധരിപ്പിച്ചു. ഈ രീതിയില്‍ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിൽ നിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ലീഗ് 10 കോടി രൂപയുടെ ചികിത്സ സംവിധാനങ്ങൾ നൽകാൻ യോഗം ചേർന്ന് തീരുമാനിച്ചത്. "പണമോ, ചികിത്സാ ഉപകരണങ്ങളോ നൽകും. ആദ്യഘട്ടം രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കൈമാറും." സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗിന്റെ എംപിമാരുടെയും എംഎൽഎമാരുടെയും പ്രാദേശിക വികസന ഫണ്ടുകൾ, ആസ്തി വികസന ഫണ്ടുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സ്പോൺസറിംഗ് എന്നിങ്ങനെ പറ്റാവുന്ന എല്ലാ മാർഗങ്ങളും ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കും. ഇതിനുവേണ്ടി, 'അതിജീവനം കോവിഡ് മോചനത്തിന് മുസ്ലീം ലീഗിന്റെ കൈത്താങ്ങ്' എന്ന പേരിൽ സ്പെഷ്യൽ ക്യാംപയിനും പാർട്ടി സംഘടിപ്പിക്കും.
ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള പട്ടിക ജില്ലാ കളക്ടര്‍ നേരത്തെ നല്കിയിട്ടുണ്ടായിരുന്നു. അതിൽ നിന്ന് മുകളില്‍ സൂചിപ്പിച്ച പ്രകാരം ഉപകരണങ്ങള്‍ അതിനോടൊപ്പം കാണിച്ച അത്രയും എണ്ണം ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നടത്തുന്നത്.
50 മൾട്ടി പാരാമീറ്റർ മോണിറ്റർ, 10 കാർഡിയാക് മോണിറ്റർ, 5000 പൾസ് ഓക്സി മീറ്റർ, 5 ഡയാലിസിസ് മെഷീൻ, 50 ഐസിയു വെന്റിലേറ്റർ, 300 ഐസിയു കോട്ട്, 2000 ഓക്സിജൻ നാസൽ കനൂല, 50 ഹൈ ഫ്ലോ നാസൽ കനൂല, 500 ഡി. ടൈപ്പ് ഓക്സിജൻ സിലിണ്ടർ, 100 ഇൻഫ്യൂഷൻ പമ്പ് എന്നിവയാണ് മലപ്പുറം ജില്ലയിലേക്ക് ആവശ്യമായിട്ടുള്ളത്. ആകെ ഒൻപത് കോടി 98 ലക്ഷത്തി 7000 രൂപ ആണ് ഇതിന് ചെലവ് വരിക..