മലപ്പുറം മക്കരപ്പറമ്പിൽ കോൺഗ്രസിനെ ഒഴിവാക്കി ലീഗ്- വെൽഫെയർ സഖ്യം; കോൺഗ്രസുകാരുടെ ലീഗ് വിരോധം വോട്ടാകും എന്ന പ്രതീക്ഷയിൽ ഇടതുപക്ഷം
വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കി കോൺഗ്രസിനെ തഴയുകയാണ് ലീഗ് ചെയ്തത് എന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. (റിപ്പോർട്ട്- സി വി അനുമോദ്)
News18 Malayalam | November 27, 2020, 9:46 AM IST
1/ 5
മലപ്പുറം ജില്ലയിൽ യുഡിഎഫ് മുന്നണി ഇല്ലാതെ ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്ന മൂന്നാമത്തെ പഞ്ചായത്താണ് മക്കരപ്പറമ്പ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ ലീഗ് വിമതൻ മാറി നിൽക്കുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസ് ഇവിടെ വഴി പിരിഞ്ഞത്. 13 സീറ്റുകളിൽ 10 ലീഗും മൂന്നിടത്ത് കോൺഗ്രസും. അങ്ങനെയായിരുന്നു ധാരണ. എന്നാൽ കോൺഗ്രസ് മത്സരിക്കുന്ന മൂന്നിടങ്ങളിൽ കൂടി ലീഗ് വിമതന്മാർ മത്സരത്തിൽ ഇറങ്ങിയപ്പോഴാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
2/ 5
വിമതൻ മാരെ പിൻവലിക്കാൻ ലീഗ് കാര്യമായ ശ്രമം നടത്തുന്നില്ല എന്ന് ആരോപിച്ച് കോൺഗ്രസ് സഖ്യം അവസാനിപ്പിച്ചു. ഇത്തവണ ഒരിടത്തു മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഉള്ളത്. അതും സ്വതന്ത്ര ചിഹ്നത്തിൽ ആണ് മത്സരിക്കുന്നത്. മറ്റു വാർഡുകളിൽ ആർക്ക് വോട്ടു ചെയ്യണം എന്ന കാര്യത്തിൽ പ്രവർത്തകർക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നാണ് കോൺഗ്രസ് നിലപാട്.
3/ 5
വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കി കോൺഗ്രസിനെ തഴയുകയാണ് ലീഗ് ചെയ്തത് എന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസ് ആരോപണങ്ങൾ തള്ളുന്ന മുസ്ലിംലീഗ് , സീറ്റ് വിഭജനത്തിലെ തർക്കമാണ് കോൺഗ്ര സുമായുള്ള അഭിപ്രായ വ്യത്യാസം എന്ന് പറയുന്നു. യുഡിഎഫ് സംവിധാനത്തിലാണ് മത്സരം എന്നും ലീഗ് പറഞ്ഞുവെക്കുന്നു. ഇത്തവണ വെൽഫെയർ പാർട്ടി ലീഗിനൊപ്പം ആണ്.
4/ 5
അതേസമയം, ലീഗും കോൺഗ്രസ്സും തമ്മിലുള്ള തർക്കത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ലീഗ് വിരോധം കാരണം കോൺഗ്രസുകാർ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഭരണം പിടിക്കാനും സാധ്യതയുണ്ട്. ഒരു വാർഡിൽ മാത്രം ആണ് കോൺഗ്രസ് സ്ഥാനാർഥിയുള്ളത്. ലീഗ് വിരോധം കാരണം മറ്റ് ഇടങ്ങളിൽ അവരുടെ പിന്തുണ ലഭിച്ചാൽ ഇടത് പക്ഷത്തിന് നേട്ടം തന്നെ ആകും.
5/ 5
യുഡിഎഫ് സംവിധാനം ഉണ്ടെന്ന് ലീഗ് പറയുമ്പോൾ വെൽഫെയർ പാർട്ടിയും ലീഗും തമ്മിലാണ് സഖ്യം എന്നും പഞ്ചായത്ത് തലത്തിൽ ഒരു ധാരണയും ഇല്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലെ ഭിന്നത ജില്ല , ബ്ലോക്ക് തലങ്ങളിൽ പ്രതിഫലിക്കില്ല എന്ന പ്രതീക്ഷയാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിനുള്ളത്.