നവരാത്രി വിഗ്രഹ ഘോഷയാത്ര; അതിർത്തിയിൽ സ്വീകരിക്കാൻ കേരള ഗവർണറെത്തി; മടങ്ങിയത് അന്നദാന സദ്യയുണ്ട്
ഇന്ന് തിരുവനന്തപുരം നഗരാതിർത്തിയിൽ പ്രവേശിക്കും
News18 | September 28, 2019, 8:18 AM IST
1/ 4
നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്ക്ക് കളിയിക്കാവിളയിൽ പ്രൗഢഗംഭീരമായ സ്വീകരണം. ദേവസ്വം ബോർഡ്, അയ്യപ്പസേവാ സംഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കളിയിക്കാവിളയിൽ നവരാത്രി വിഗ്രഹങ്ങളെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെത്തി. പാറശ്ശാലയിലെ ഓഡിറ്റോറിയത്തിൽ നവരാത്രി വിഗ്രഹ സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്നദാന സദ്യയിലും പങ്കെടുത്തശേഷമാണ് ഗവർണർ മടങ്ങിയത്. ആദ്യമായാണ് ഒരു ഗവർണർ ഇതിൽ പങ്കെടുക്കുന്നത്.
2/ 4
കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് രാവിലെ തിരിച്ച ഘോഷയാത്ര ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കളിയിക്കാവിളയിലെത്തിയത്. തമിഴ്നാട് ദേവസ്വം ജോയിന്റ് കമ്മീഷണർ അൻപുമണി, കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്, ദേവസ്വം വകുപ്പ് ജീവനക്കാർ എന്നിവർ ഘോഷയാത്രയെ അനുഗമിച്ചിരുന്നു. അതിർത്തിയിൽ നവരാത്രി വിഗ്രഹങ്ങൾക്ക് കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
3/ 4
പാറശ്ശാലയിൽ നവരാത്രി വിഗ്രഹ ഘോഷയാത്ര സ്വീകരണ കമ്മിറ്റി തയാറാക്കിയ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം മൂന്നരയ്ക്ക് നെയ്യാറ്റിൻകരയിലേക്ക് തിരിച്ചു. നെയ്യാറ്റിൻകരയിൽ ഗ്രാമം കവലയിലെ ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കും.
4/ 4
നഗരാതിര്ത്തിയിൽ സാധാരണ നഗരസഭയുടെ നേതൃത്വത്തിലാണ് നവരാത്രി വിഗ്രഹങ്ങളെ സ്വീകരിക്കുന്നത്. എന്നാൽ ഇത്തവണ നഗരസഭയുടെ നേതൃത്വത്തിലുള്ള സ്വീകരണം ഒരുക്കിയില്ല.