തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്ന പ്രതിഫലം പറ്റിയിരുന്നുവെന്നതും പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്പെയ്സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയതെന്നതും ഗുരുതരമായ വീഴ്ചയാണ്. വിദേശത്ത് ഉൾപ്പടെ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.