തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതിന് പ്രതിപക്ഷ എംഎൽഎമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. 15 ദിവസത്തിനകം കാരണം കാണിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.
ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനിടെയാണ് സംഘർഷമുണ്ടായത്. സ്പീക്കർ നിരന്തരം അടിയന്തര പ്രമേയ നോട്ടീസ് അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ അദ്ദേഹത്തിന്റെ നിയമസഭയിലെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് വാച്ച് ആൻഡ് വാർഡുമായി കൈയാങ്കളിയായി. സംഘർഷത്തിനിടെ കെ കെ രമ എംഎൽഎയുടെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു.