സഭാതർക്ക പരിഹാരത്തിന് മുൻകൈ എടുക്കാമെന്ന് വിവിധ ക്രൈസ്തവസഭ അധ്യക്ഷന്മാർ; സ്വാഗതം ചെയ്ത് യാക്കോബായ സഭ
ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ അനുരഞ്ജന സംഭാഷങ്ങൾക്ക് നേതൃത്വം നൽകാൻ തയാറാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കുന്നു .
News18 Malayalam | December 3, 2019, 3:50 PM IST
1/ 4
കൊച്ചി: മലങ്കര സഭ പള്ളിത്തർക്കത്തിൽ മധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ച് ഇതര ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ. ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് അറിയിച്ച് ഓർത്തഡോക്സ്, യാക്കോബായ സഭ മേലധ്യക്ഷന്മാർക്ക് കത്തയച്ചു. സർക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങൾ പോലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇതര ക്രൈസ്തവ സഭകളുടെ പുതിയ ശ്രമം.
2/ 4
ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ അനുരഞ്ജന സംഭാഷങ്ങൾക്ക് നേതൃത്വം നൽകാൻ തയാറാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കുന്നു . നിലവിലുള്ള സാഹചര്യങ്ങളെ അതിജീവിക്കാനും രമ്യമായ പരിഹാരം കാണാനും ഇരു സഭകൾക്കും കഴിയണമെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത് .
3/ 4
സിവിൽ നിയമങ്ങൾക്ക് വിധേയമായതും ഇരുകൂട്ടർക്കും സ്വീകാര്യമായതുമായ പരിഹാരമാണ് ഉണ്ടാവേണ്ടത്. പള്ളികളിൽ പ്രവേശിക്കുന്നതും ശവസംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിസന്ധി വേദനയുളവാക്കുന്നതാണെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ ഏത് തരത്തിലുള്ള ആലോചനയും സഹായവും ക്രൈസ്തവ മേലധ്യക്ഷൻമാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
4/ 4
കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് സുസൈപാക്യം, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എന്നിവർക്കൊപ്പം മലങ്കര മാർത്തോമ സുറിയാനി സഭ അധ്യക്ഷൻ ജോസഫ് മർത്തോമ മെത്രാപ്പൊലീത്ത , മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് , സി എസ് ഐ സഭ മേധാവി ബിഷപ് തോമസ് കെ. ഉമ്മൻ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മധ്യസ്ഥശ്രമം യാക്കോബായ സഭ സ്വാഗതം ചെയ്തിട്ടുണ്ട്. ഓർത്തഡോക്സ് സഭ നിലപാടറിയിച്ചിട്ടില്ല.