

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ഒരു അമൂല്യ സംഭാവന കിട്ടി. ഇരുകൈകളുമില്ലാത്ത ചിത്രകാരൻ പ്രണവാണ് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പങ്ക് നൽകിയത്.


രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായെന്നു പറഞ്ഞാണ് പ്രണവിന്റെ സംഭാവനയുടെ സന്തോഷം മുഖ്യമന്ത്രി പങ്കുവച്ചത്. ജന്മദിനത്തിലാണ് പ്രണവിന്റെ മാതൃകാ പ്രവൃത്തി.


ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കുട്ടിക്കാലത്തേ ചിത്രരചന തുടങ്ങി. പിന്നെ കൈ കൊണ്ടു ചെയ്യുന്നതെന്തും കാലു കൊണ്ടു ചെയ്യാനും പഠിച്ചു. കഴിയുന്നത്ര ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള പരിശീലനമാണ് കുട്ടിയായിരുന്നപ്പോഴെ പ്രണവ് തുടങ്ങിയത്. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് ശീലമായെന്ന് പ്രണവ് പറഞ്ഞു.


സ്കൂളിലും കോളജിലുമൊക്കെ ചിത്രരചനയിൽ പങ്കെടുത്തു. സമ്മാനങ്ങളും നേടി. ചിത്രരചനയിൽ മാത്രമല്ല, കായിക രംഗത്തും സജീവ സാനിധ്യമാണ് പ്രണവ്. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ പ്രണവിനു കിട്ടിയിട്ടുണ്ട്.


ആദ്യ പ്രളയകാലത്തും തന്നാൽ കഴിയുന്ന സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് പ്രണവ് നൽകിയിട്ടുണ്ട്. അന്ന് മന്ത്രി എ.കെ.ബാലനാണ് പ്രണവ് തുക കൈമാറിയത്. ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തു കിട്ടിയ തുകയിൽ ഒരു ഭാഗമാണ് പ്രണവ് ഇന്നു സർക്കാരിനു നൽകിയത്.


ചെറിയ തുകയെന്നു പറഞ്ഞ് തന്റെ പങ്ക് പ്രണവ് മുഖ്യമന്ത്രിക്കു കൈമാറി. ചെറുതല്ല, വലിയ കാര്യമാണ് പ്രണവ് ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രണവിന് മുഖ്യമന്ത്രി ജന്മദിനാശംസ നേർന്നു. ചേർത്തു നിർത്തിയൊരു സെൽഫിക്കും മുഖ്യമന്ത്രി തയാറായി.


പിന്നെ മുഖ്യമന്ത്രിക്ക് പ്രണവ് പക ഒരു 'ഷെയ്ക്ക് ലെഗ്' . സന്തോഷത്തോടെ മുഖ്യമന്ത്രി സെൽഫിക്ക് അനുവാദം നൽകിയെന്ന് പ്രണവ് പറയുന്നു. ആലത്തൂർ സ്വദേശിയാണ് പ്രണവ്. ബി കോം ബിരുദധാരിയായ പ്രണവ് പി.എസ്.സി പരീക്ഷാ പരിശീലനത്തിലാണ് ഇപ്പോൾ.


വൈകാതെ സർക്കാർ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്. അച്ചൻ ബാലസുബ്രഹ്മണ്യത്തിനും അമ്മ സുവർണകുമാരിക്കും ഒപ്പമാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ആലത്തൂർ എംൽഎ കെ.ഡി.പ്രസേനനും ഒപ്പമുണ്ടായിരുന്നു.