പാലക്കാട്: വാളയാറിലുള്ള ബന്ധുവിന്റെ മരണമറിഞ്ഞ് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു പാലക്കാട് ഇരട്ടയാൽ സ്വദേശി രാമചന്ദ്രൻ. എന്നാൽ ബന്ധുവിന്റെ സംസ്ക്കാരത്തിന് മുൻപേ രാമചന്ദ്രനെ തേടിയെത്തിയത് മകന്റെ മരണവിവരമാണ്. പത്തു വയസുകാരനായ അതുലിന്റെ മരണം. കഴുത്തിൽ കയർ കുരുങ്ങിയാണ് അതുൽ മരിച്ചത്. അതുലിന്റെ അമ്മ ലതയും മകന്റെ മരണമറിഞ്ഞത് തൊഴിലുറപ്പ് സ്ഥലത്ത് നിന്നുമാണ്. രാവിലെ തൊഴിലുറപ്പ് പണിയ്ക്ക് പോയതായിരുന്നു അമ്മ ലത.
രണ്ടു പേർക്കും മകന്റെ മരണം വിശ്വസിക്കാനായിട്ടില്ല. രാവിലെ കളിച്ചു നടന്ന മകനോട് ഉച്ചയ്ക്ക് ശേഷം സ്ക്കൂളിൽ പരീക്ഷയ്ക്ക് പോകണമെന്ന് പറഞ്ഞാണ് രക്ഷിതാക്കൾ വീട്ടിൽനിന്ന് പോയത്. പുറത്ത് പോയ സഹോദരൻ അഖിൽ തിരിച്ചു വരുമ്പോഴാണ് അനുജൻ കഴുത്തിൽ കയർ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പത്തു വയസുകാരനായ അതുൽ കഴുത്തിൽ കയർ കുരുങ്ങി മരിയ്ക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. അതുലിന് മുൻപ് കാലിന് പരിക്കേറ്റ സമയത്ത് കട്ടിൽ നിന്നും എഴുന്നേൽക്കുന്നതിനായി കട്ടിലിന് സമീപത്തായി ഒരു കയർ കെട്ടിയിരുന്നു. പരിക്ക് മാറിയിട്ടും ഈ കയർ മാറ്റിയിരുന്നില്ല. കളിയ്ക്കുന്ന സമയത്ത് അബദ്ധത്തിൽ കയർ കുരുങ്ങി അപകടം സംഭവിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരുതറോഡ് എൻ എസ് എസ് ബാലനികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അതുൽ.