മലപ്പുറം: നിലമ്പൂർ (Nilambur) വനത്തിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ (Maoist) ഓർമയിൽ നിലമ്പൂരിൽ രക്തസാക്ഷി അനുസ്മരണം നടന്നു. പുരോഗമന യുവജനപ്രസ്ഥാനമാണ് നിലമ്പൂർ ഏറ്റുമുട്ടലിൻ്റെ അഞ്ചാം വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജിൻ്റെ (Kuppu Devraj) ജീവിത പങ്കാളി ഗജേന്ദ്രി ചടങ്ങിൽ പങ്കെടുത്തു.
2016 നവംബർ 24-നാണ് നിലമ്പൂർ കരുളായി വരയൻമലയിൽ വച്ച് സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗം അജിത എന്നിവർ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.അഞ്ച് വർഷത്തിനിടെ ആദ്യമായാണ് നിലമ്പൂർ മലയോര മേഖലയിൽ മാവോവാദി രക്തസാക്ഷി അനുസ്മരണം നടത്തുന്നത്. പ്രകടനത്തോടെ ആണ് അനുസ്മരണ ചടങ്ങുകൾ തുടങ്ങിയത്. ചടങ്ങിൽ കുപ്പു ദേവരാജിന്റെ പങ്കാളി ഗജേന്ദ്രി സംസാരിച്ചു.
"കുടുംബത്തെ പോലും ഉപേക്ഷിച്ച് ജനങ്ങൾക്ക് വേണ്ടിയാണ് കുപ്പു രാജ് വീടുവിട്ട് ഇറങ്ങിയത്, സ്ഥാനമാനങ്ങൾ നേടാനായിരുന്നില്ല, ജനങ്ങളെ സേവിക്കുക മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹത്തിൻ്റെ മൃതദേഹം പോലും കാണിക്കാത്തതാണോ ജനാധിപത്യം ?" - ഗജേന്ദ്രി ചോദിച്ചു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ പ്രഹാർ- 3 പിൻവലിക്കണം എന്നു രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ മാവോവാദി നേതാവ് കിഷൻജിയുടെ രക്ത സാക്ഷിത്വവും അനുസ്മരിച്ചു. ചന്തക്കുന്നിൽ വൻ പോലീസ് വലയത്തിലാണ് അനുസ്മരണം നടത്തിയത്. മലപ്പുറം ജില്ലയിൽ മുൻപ് മുൻപ് മാവോയിസ്റ്റ് അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് എങ്കിലും നിലമ്പൂരിൽ ഇത് ആദ്യമായാണ്. മുൻപ് പാണ്ടിക്കാട് മാവോയിസ്റ്റ് അനുസ്മരണ യോഗം ചേർന്നിട്ടുണ്ട്.
നിലമ്പൂര്‍ പടുക്കവനത്തില്‍ കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമീപം 2016 നവംബര്‍ 24 ന് ആണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്. പൊലീസിനെതിരെ മാവോയിസ്റ്റുകള്‍ എ കെ 47ഉപയോഗിച്ചു വെടിയുതിര്‍ത്തതായാണ് പോലീസ് പറഞ്ഞിരുന്നത്. എ കെ-47ന് പുറമെ പമ്പ് ആക്ഷന്‍ഗണ്ണും മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്നതായി പൊലീസ് ക്രൈംബ്രാഞ്ചിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുപ്പുദേവരാജിന്റെ അംഗരക്ഷകനാണ് എ കെ 47തോക്കുപയോഗിച്ചു നിറയൊഴിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ഏറ്റുമുട്ടൽ വ്യാജമാണെന്ന ആക്ഷേപം ശക്തമായിരുന്നു. കീഴങ്ങിയ ഇവരെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ ഇത് തള്ളിക്കളഞ്ഞാണ് മലപ്പുറം കളക്ടർ അമിത് മീണ റിപ്പോർട്ട് സമർപ്പിച്ചത്.
നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് ആയിരുന്നു മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയുടെ അന്വേഷണ റിപ്പോർട്ട്. മാവോയിസ്റ്റ് ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്നാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെ കണ്ടെത്തൽ. 2016 ലെ സംഭവങ്ങളുമായി പതിമൂന്ന് മാവോവാദികള്‍ക്കെതിരെ എടക്കര പൊലീസ് കേ സെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പിടിയിലായ ഡാനിഷ്, ദീപക്, ശോഭ, ചിന്ന രമേശ്, കാളിദാസ് എന്നിവരെ എന്‍.ഐ.എ തെളിവെടുപ്പിനായി വരയന്മലയിലെത്തിച്ചിരുന്നു.
നിലമ്പൂർ വനമേഖലയിൽ ഇപ്പോഴും മാവോയിസ്റ്റ് സാനിദ്ധ്യം ശക്തമാണ് . ഉൾവനത്തോട് ചേർന്നുള്ള ആദിവാസികളിൽ മാവോയിസ്റ്റുകൾ ഇപ്പോഴും സന്ദർശനം നടത്താറുണ്ട്.മുണ്ടേരി വനത്തിലെ വാണിയംപുഴ ആദിവാസി കോളനിയില്‍ ഒന്നര മാസത്തിനിടെ മൂന്ന് തവണ മാവോവാദികളെത്തിയിരുന്നു. സന്ധ്യക്കെത്തുന്ന സംഘം പുലര്‍ച്ചെ വരെ കോളനിയില്‍ തങ്ങുകയും ആദിവാസികള്‍ക്ക് ക്ലാസെടുക്കുകയും ചെയ്തിരുന്നു.