രാത്രി ചായ തേടി അലഞ്ഞവര്‍ക്ക് അത് കൊടുക്കാന്‍ മാത്രമല്ല, പരാതി കിട്ടി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അത് പരിഹരിക്കാനും കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് പെരിന്തല്‍മണ്ണ പോലീസ്.ഏലംകുളം സ്വദേശിനി ദേവകിയുടെ കളഞ്ഞു പോയ മൂന്നര പവന്റെ സ്വര്‍ണമാല കേവലം മണിക്കൂറുകള്‍ കൊണ്ട് കണ്ടെത്തിയാണ് പെരിന്തല്‍മണ്ണ പോലീസ് മികവ് കാണിച്ചത്.
ഇത്ര വേഗത്തില്‍ സ്വര്‍ണ മാല തിരിച്ച് കിട്ടുമെന്ന്ദേവകിയുടെ മകന് പരിയാണിയും പേരക്കുട്ടി ഹരിതയും ഒരിക്കല്‍ പോലും കരുതി കാണില്ല. സംഭവം ഇങ്ങനെ. തിങ്കളാഴ്ച ആണ് ഏലംകുളത്ത് വച്ച് ദേവകിയുടെ മൂന്നര പവന് സ്വര്‍ണ മാല നഷ്ടമായത്. പേഴ്സില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല വഴിയില്‍ എവിടെയോ വീണു പോവുക ആയിരുന്നു. രണ്ട് ദിവസം തെരഞ്ഞ് തളര്‍ന്ന ദേവകിക്ക് ആശ്രയമായത് റോഡരികിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ആണ്.
ഗുഡ്സ് ഓട്ടോറിക്ഷ നിര്‍ത്തിച്ച് ഒരു സ്ത്രീ കുറെ ദൂരം പിന്നിലേക്ക് ഓടുകയും വഴിയരികില്‍ നിന്ന് എന്തോ എടുത്ത് വരികയും ചെയ്യുന്ന ദൃശ്യംസിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അങ്ങാടിപ്പുറത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ കൈവശം ആയിരുന്നു സ്വര്‍ണ മാല. പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ഇവര്‍ പോലീസ് ചോദ്യം ചെയ്തതോടെ സ്വര്‍ണ മാല കൈമാറി. എസ് ഐ സി കെ നൗഷാദ് പറയുന്നു.
'ഗുഡ്സ് ഓട്ടോയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കി. വാഹനം മലപ്പുറം മേല്‍മുറി സ്വദേശിയുടെ ആണ്. എന്നാല്‍ വാഹനം അങ്ങാടിപ്പുറം സ്വദേശിയായ മറ്റൊരാള്‍ ആണ് ഓടിക്കുന്നത് എന്ന് അറിഞ്ഞതോടെ അങ്ങാടിപ്പുറം സ്വദേശിയെ കണ്ടെത്തി. ഇയാള്‍ ആണ് സ്വര്‍ണ മാല ലഭിച്ച തമിഴ്നാട് സ്വദേശിനിയെ കാണിച്ച് തന്നത്. ആദ്യം സമ്മതിച്ചില്ല എങ്കിലും പിന്നീട് അവര്‍ മാല എടുത്ത് തന്നു.'
നഷ്ടമായി എന്ന് കരുതിയ മാല പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ച് കിട്ടിയപ്പോള്‍ ദേവകിയുടെ കുടുംബത്തിനും ആശ്വാസം വാക്കുകള്‍ക്ക് അതീതം ദേവകിയുടെ പേരമകള്‍ ഹരിത പറയുന്നു.' അച്ഛന്റെ അമ്മയുടെ താലി മാല ആണ് ഇത്. പേഴ്സില്‍ ആയിരുന്നു വെച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് അടുത്തുള്ള ഒരു വീട്ടില്‍ നിന്നും പുളിങ്ങ പെറുക്കി വരുമ്പോള്‍ ആണ് മാല പേഴ്സില്‍ നിന്നും നഷ്ടമായത്. കഴിഞ്ഞ രണ്ട് ദിവസമായി എല്ലായിടത്തും തിരയുക ആയിരുന്നു. ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. എങ്ങനെ കഷ്ടപ്പെട്ട് ആണ് ഇത് ഉണ്ടാക്കിയത് എന്ന് അച്ഛമ്മയ്ക്ക് മാത്രമേ അറിയൂ. അച്ഛമ്മ രണ്ട് ദിവസമായി ഊണും ഉറക്കവും ഇല്ലാത്ത അവസ്ഥയില്‍ ആണ്. മാല പോയത് പ്രദേശത്തെ വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ ഒക്കെ അറിയിച്ചു. അങ്ങനെ ആണ് സിസിടിവി വിഷ്വല്‍ കിട്ടുന്നത്. വ്യാഴാഴ്ച രാവിലെ പോലീസില്‍ ഇതെല്ലാം അടക്കം പരാതി നല്കി. വൈകീട്ട് ആയപ്പോഴേക്കും മാല കിട്ടി. ഇത്ര വേഗം കിട്ടും എന്ന് കരുതിയില്ല. പോലീസിനോട് നന്ദി ഉണ്ട്..'