തിരുവനന്തപുരം: പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട രീതി വരെ സ്വീകരിച്ച്, വരാനുള്ള ഒഴിവുകൾ കൂടി കണക്കാക്കി റിപ്പോർട്ട് ചെയ്താണ് അവർക്ക് നിയമനം നൽകിയത്. നിയമം നോക്കിയാൽ ശരിയില്ലായ്മ അതിൽ ഉണ്ട് എന്നിട്ടും ശവമഞ്ചം എടുത്തും, ഉരുണ്ടും വരെ സമരം നടത്തുകയാണ് ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി.ഇതിനെല്ലാം മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. എല്ലാം നാട് മനസിലാക്കുന്നുണ്ട്. നുണകൾ എഴുതി കേരളീയരെ പറ്റിച്ചു കളയാമെന്നു ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാ സംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എല്‍ഡിഎഫ് തീര്‍ന്നു എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ത്തി. വലിയ തോതിലുള്ള നുണക്കഥകള്‍. യുഡിഎഫും ബിജെപിയും ഒരുമിച്ച് നീങ്ങി. കുറെ ഏജന്‍സികളും കൂട്ടിനുണ്ടായി. ഒപ്പം വലതുപക്ഷ മാധ്യമങ്ങളുമുണ്ടായി. എന്നിട്ട് എന്ത് സംഭവിച്ചു? എന്താണ് ഉന്നമെന്ന് നാടിന് മനസിലായി. വലതുപക്ഷ വിദഗ്ധരുടെ കണ്ണ് തള്ളിപ്പോകുന്ന ഫലമാണുണ്ടായത്. ഓരോ ആളുടേയും ജീവിതാനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍. എല്ലാ ജനവിഭാഗവും എല്‍ഡിഎഫിനൊപ്പം അണിനിരന്നു എന്നാണ് കഴിഞ്ഞ ഘട്ടം തെളിയിച്ചത്."
'ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ ഗൂഢാലോചനയുണ്ട്. ധാരണാ പത്രം അട്ടിമറി ലക്ഷ്യത്തോടെ നടന്ന ആലോചനകളുടെ ഭാഗമാണ്. ജലസേചന സെക്രട്ടറി അറിയാതെ എവിടെയോ നടന്ന ആലോചനയാണത്. പ്രതിപക്ഷ നേതാവിന് മുഴുവൻ വിവരവും കിട്ടി. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതൊന്നും ഇവിടെ ചെലവാകില്ല' മുഖ്യമന്ത്രി പറഞ്ഞു.
"അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത ഒരു സര്‍ക്കാരായിരുന്നു 2016 ന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇന്നത്തെ കേരളത്തിലെ പ്രതിപക്ഷം അടിസ്ഥാന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്തവരാണ്. ദേശീയ പാതാ വികസനം ഒരു രീതിയിലേ കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാകു. മറ്റ് അനേകം അടിസ്ഥന വികസനം നടക്കണം. ആവശ്യത്തിന് പണമില്ല എന്നതാണ് പ്രയാസം. എന്നാല്‍ എല്‍ഡിഎഫ് നിസഹായമായി നിന്നില്ല. പല വെല്ലുവിളികളുടേയും മുന്നില്‍ കയ്യും കെട്ടി നിന്നില്ല സര്‍ക്കാര്‍. ആ ആലോചനയുടെ ഭാഗമായാണ് നാമെല്ലാവരും വലിയ തോതില്‍ അംഗീകരിക്കുന്ന കിഫ്ബിയുടെ വികസന നടപടികള്‍ ആരംഭിക്കുന്നത്".
"നാടിന്റെ വികസനം ശരിയായ രീതിയില്‍ പൂര്‍ത്തിയാകുമ്പോഴാണ് തൊഴില്‍ ആഗ്രഹിക്കുന്ന അനേക ലക്ഷം പേര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സര്‍ക്കാര്‍ ഇതിനാണ് മുന്‍കൈ എടുത്തത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചു. അധികാരത്തിലെത്തിയപ്പോള്‍ തന്നെ നാടിന്റെ വികസനം എങ്ങനെയെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചു".
"സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് പറഞ്ഞത്. കേരള മോഡല്‍ പ്രസിദ്ധമാണ്. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില കാര്യങ്ങളില്‍ നമ്മുടെ നാട് എത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് കാലത്ത് വലിയ കൊഴിഞ്ഞുപോക്കുണ്ടായി.അനേകര്‍ ദുഖിതരായി. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. യുഡിഎഫിന്റെ കാലത്ത് 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു. അതേ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫിന്റെ കാലത്ത് 6,80000 കുട്ടികള്‍ കൂടുതലായി വന്നുചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളിലേക്കാണിന്ന് കുട്ടികള്‍ പോകുന്നത്. അടിസ്ഥാന വികസനവും അക്കാദമിക നിലവാരവും ഉയര്‍ത്താന്‍ ശ്രമം നടന്നു. അങ്ങനെ വിദ്യാലയങ്ങള്‍ ഹൈടെക്കായി.കോവിഡ് കാലത്തും ആ ഹൈടെക്ക് നിലവാരം അനുഭവിക്കാനായി. ഈ നാടിന് വേണ്ടാത്ത കാര്യമാണോ ഇത്. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് കരുതുന്ന മുഴുവന്‍ ജനതയും നെഞ്ചത്ത് കൈവച്ച് പറയും, നിങ്ങള്‍ ചെയ്തത് തെറ്റല്ലെന്ന്".
"ഉന്നതവിദ്യാഭ്യാസ മേഖല വലിയ തോതില്‍ മാറാന്‍ പോകുന്നു. ഇല്ലായ്മകളെല്ലാം പരിഹരിക്കപ്പെടും. വലിയ മാറ്റമാണ് വരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. തൊഴിലാഗ്രഹിക്കുന്ന ചെറുപ്പക്കാരെ ഏതെങ്കലും രീതിയില്‍ സഹായിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ എന്തെല്ലാമാണ് അതിന്റെ പേരില്‍ നടന്നത്. നാടിതെല്ലാം മനസിലാക്കുന്നു.ഏതെങ്കിലും ഒരു നുണ പ്രത്യേകമായി സൃഷ്ടിച്ച് കേരളീയരെ പറ്റിക്കാമെന്ന് കരുതണ്ട. നിങ്ങളുടെ വഞ്ചന ശരിയായി തിരിച്ചറിഞ്ഞവരാണവര്‍".മുഖ്യമന്ത്രി പറഞ്ഞു.