തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നും കേരളത്തിൽ പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ വീണ്ടും പോസ്റ്റർ. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് പ്രതിനിധികൾ എത്തിയതിനു പിന്നാലെയാണ് നഗരത്തിൽ ഫ്ലെക്സുകൾ ഉയർന്നിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അന്നൊക്കെ പേരില്ലാ ബോർഡുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ കോൺഗ്രസ് നവജീവൻ മൂവ്മെന്റ് എന്ന പേരിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയെയും കോൺഗ്രസിനെയും രക്ഷിക്കാൻ രാഹുൽ അധ്യക്ഷനാകണമെന്നും കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നുമാണ് ബോർഡിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 8 വരെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നേതൃത്വത്തിനെതിരായ കലാപം കോൺഗ്രസിൽ വീണ്ടും ശക്തമായിരിക്കുന്നത്. എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥൻ, പി.വി.മോഹൻ, ഇവാൻ ഡിസൂസ എന്നിവരാണു സംഘത്തിലുള്ളത്.
രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, എംപിമാർ, കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരെയാണ് പ്രത്യേകം കാണുന്നത്. വിശ്വാസ്യതയും കാര്യക്ഷമതയും ഉയർത്തുന്ന മാറ്റം കോൺഗ്രസിൽ വേണമെന്നു മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എഐസിസി നേരിട്ട് അഭിപ്രായം തേടുന്നത്.
പാർട്ടി, ഘടകകക്ഷി നേതാക്കളുടെ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ എഐസിസി സംഘം ഹൈക്കമാൻഡിനു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായുള്ള മുഖംമിനുക്കൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ജില്ലകളിലെ പ്രമുഖ നേതാക്കളുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ച ഇന്നലെ രാത്രി പൂർത്തിയായി.