തിരുവനന്തപുരം: പിഎസ്സി പരീക്ഷക്ക് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലിനിടെയാണ് തട്ടിപ്പിന്റെ വഴികള്‍ തുറന്ന് പറഞ്ഞത്. പരീക്ഷ തുടങ്ങിയ ശേഷം സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചത്. കോപ്പിയടിക്കുവേണ്ടി ഓണ്‍ ലൈന്‍ വഴി വാച്ചുകള്‍ വാങ്ങി. നേരത്തെ ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ കോപ്പിയടി സമ്മതിച്ചെങ്കിലും എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന് പ്രതികള്‍ വ്യക്തമാക്കിയിരുന്നില്ല.