പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് കുറ്റപത്രം. വ്യാജവിലാസത്തില്‍ ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റപത്രം തയ്യാറായി. കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ഓഡി കാറുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചാണ് പുതുച്ചേരിയില്‍ റജിസ്ട്രേഷന് ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ തയാറാക്കിയ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അംഗീകാരം നല്കി.