കണ്ണൂർ ജില്ലയിലെ ജലസാഹസിക ടൂറിസത്തിന് പുത്തൻ ഉണർവ് നൽകാൻ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കാട്ടാമ്പള്ളിക്കടവ് മുതൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് വരെ നീണ്ടുകിടക്കുന്ന പുഴയിലാണ് ടൂറിസം വകുപ്പ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ജലസാഹസിക ടൂറിസത്തിന് അനുയോജ്യമായ പുല്ലൂപ്പിക്കടവിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേയുള്ളു. 4.15 കോടി രൂപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. രണ്ട് തരത്തിൽ സജ്ജീകരിച്ച ഫ്ളോട്ടിങ് ഡൈനിംഗ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. സിംഗിൾ യൂണിറ്റായും നാല് പേർക്ക് ഇരിക്കാവുന്ന എട്ട് സിംഗിൾ യൂണിറ്റായുമാണ് ഫ്ളോട്ടിങ് ഡൈനിംഗ്. 25 പേർക്ക് ഇരിക്കാവുന്ന എട്ട് മേശകൾ ഇതിൽ സജ്ജീകരിക്കാം.
വിനോദസഞ്ചാരികൾക്ക് ബോട്ടുകൾ, നാടൻവള്ളം, കയാക്കിംഗ് എന്നിവയിലൂടെ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ളോട്ടിങ് ഡൈനിംഗിൽ എത്താം. കൂടാതെ മൂന്ന് മീൻവിൽപനശാലകളും മലബാറിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന എട്ട് കിയോസ്കുകളും നടപ്പാതയും ഇരിപ്പിടങ്ങളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. പുഴയുടെ മനോഹാരിത വീക്ഷിക്കാനും ആസ്വദിക്കാനും നടപ്പാതയോടൊപ്പം രണ്ട് ഡക്കും ബോട്ടിംഗിന് കയറിയിറങ്ങുന്നതിനായി ഡോക്ക് ഏരിയയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോട്ടുജെട്ടി മാതൃകയിലാണ് ഡോക്കുകൾ സ്ഥാപിക്കുക.