ചളവറ പുലിയാനംകുന്ന് സ്വദേശി ചക്കുതൊടിയിൽ രാജേഷ് ആണ് നാടിന് അഭിമാനമായി മാറിയ പൂർവ്വവിദ്യാർത്ഥി. ഇപ്പോൾ ദുബായിൽ ഷിപ്പിംഗ് കമ്പനി നടത്തുന്നു. ഓൺലൈൻ പഠനം തുടങ്ങിയതോടെ അതിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെക്കുറിച്ച് ആശങ്കപ്പെട്ട് ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഷബ്ന ഓൺലൈൻ കാലത്ത് ഓഫ് ലൈനാവുന്ന കുട്ടികളെക്കുറിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ് രാജേഷിനെ സ്വാധീനിച്ചത്. കുറിപ്പ് വായിച്ച രാജേഷ് താൻ പഠിച്ചിറങ്ങിയ സ്ക്കൂളിലേക്ക് മുപ്പത് ടിവികൾ വാങ്ങി നൽകുകയായിരുന്നു.
രാജേഷ് വാങ്ങി നൽകിയ ടിവികൾ അദ്ദേഹത്തിന്റെ മാതാപിതാക്കളായ മോഹനനും വിജയലക്ഷ്മിയും സ്ക്കൂളിന് കൈമാറി. നിറഞ്ഞ സന്തോഷത്തോടെയാണ് രാജേഷിന്റെ സഹായം ചളവറ ഹയർ സെക്കണ്ടറി സ്കൂളും നാടും ഏറ്റുവാങ്ങിയത്. ടിവികൾ ലഭിച്ചതോടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പ്രതിസന്ധി പരിഹരിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
കൂലി പണിക്കാരനായ മോഹനന്റെയും വിജയലക്ഷ്മിയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് രാജേഷ്. പഠന കാലത്ത് ഇല്ലായ്മകളുടെ വേദനകൾ ഏറെ അറിഞ്ഞിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ വേദനയിൽ മലപ്പുറത്ത് ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് രാജേഷ്. താനും അത്തരത്തിലുള്ള വേദനകൾ അനുഭവിച്ചിട്ടുണ്ട്.
ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴാണ് വീട്ടിൽ ടി വി എത്തുന്നത്. പക്ഷേ അന്നത് വിനോദ പരിപാടികൾ കാണാനായിരുന്നു. എന്നാലും ടിവി യില്ല എന്നത് വേദനിപ്പിച്ചിരുന്നു. ഡിഗ്രിക്ക് പഠിയ്ക്കുമ്പോഴാണ് വീട്ടിൽ ടി വി ഉണ്ടായത്. ഇന്ന് പഠനത്തിനും ടിവി വേണ്ട സാഹചര്യമാണ്. അങ്ങനെയാണ് ഷബ്നയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ മുപ്പത് ടിവികൾ വാങ്ങി നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു.
ദുബായിൽ സുഹൃത്തുക്കളോടൊപ്പം ഷിപ്പിംഗ് കമ്പനി നടത്തുകയാണ് രാജേഷ്. മുപ്പതോളം പേർ ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. കൊച്ചിയിലും ഓഫീസിലുണ്ട്. മുംബൈയിൽ ഓഫീസ് തുടങ്ങാനിരിയ്ക്കുമ്പോഴാണ് ലോക്ഡൗൺ തുടങ്ങിയത്. മാതാപിതാക്കളായ മോഹനനും വിജയലക്ഷ്മിയും ചളവറയിലാണ് താമസം. സഹോദരി അജിത,സഹോദരൻ രമേഷ് രാജേഷിനൊപ്പം കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: സൗമ്യ, മക്കൾ: നീലാഞ്ജന, നിരഞ്ജൻ