തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം കൊണ്ട് 'വാചക വ്യവസായ വികസന'മല്ലാതെ മറ്റൊരു നേട്ടവും സംസ്ഥാനത്തിനുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ വിദേശ യാത്ര കഴിഞ്ഞു വരുമ്പോഴും ദീഘമായ പത്രസമ്മേളനം നടത്തി കേരളീയരെ വ്യാമോഹിപ്പിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഇത്തവണത്തെ സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ അവകാശ വാദങ്ങളും പതിവ് പോലെ പൊള്ളയാണ്. വിശന്ന് വലഞ്ഞ് കുഞ്ഞുങ്ങള്‍ മണ്ണ് വാരിത്തിന്ന സമയത്ത് കുടുംബത്തോടൊപ്പം വിദേശത്ത് ഉല്ലാസ യാത്ര നടത്തിയതിന്റെ ജാള്യത മറച്ചു പിടിക്കുന്നതിനാണ് നേട്ടങ്ങളുടെ വലിയ ലിസ്റ്റുമായി മുഖ്യമന്ത്രി പത്ര സമ്മേളനത്തിനെത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നിത്യച്ചിലവിന് പോലും പണമില്ലാതെ സംസ്ഥാനം നട്ടം തിരിയുന്ന സമയത്തായിരുന്നു വന്ചിലവില് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ യാത്ര. ഈ സര്‍ക്കരിന് കീഴില്‍ കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യയിലാണ് അഭയം തേടേണ്ടി വന്നത്. അതാണ് ഇവിടത്തെ സ്ഥിതി. മരണ ശേഷം പോലും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലേക്ക് വ്യവസാസികളെ ക്ഷണിക്കാന്‍ വിദേശത്തേക്ക് പോയത്. അവരെയും ഇവിടെ കൊണ്ടു വന്ന് ആത്മഹത്യ ചെയ്യിക്കാനാണോ മുഖ്യമന്ത്രിയുടെ യാത്ര?- ചെന്നിത്തല ചോദിച്ചു.
നീറ്റാ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം കൂടി നടത്തുമെന്നാണ് അഭിമാനപൂര്‍വ്വം മുഖ്യമന്ത്രി അവകാശപ്പെടുന്നത്. നീറ്റാജലാറ്റിന്‍ കമ്പനിയുടെ രൂക്ഷമായ പരിസ്ഥിതി മലിനീകരണം കാരണം പൊറുതി മുട്ടിയ തൃശ്ശൂര്‍ കാടുകുറ്റിയിലെ ജനങ്ങള്‍ ദീര്‍ഘകാലമായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുകയാണ്. തോഷിബയുമായി ചേര്‍ന്ന് ലിഥിയം ബാറ്ററി പാക്കിംഗ് യൂണിറ്റ് തുടങ്ങാന്‍ ശ്രമിക്കുന്നു എന്നും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് ധാരണാ പത്രം ഒപ്പു വച്ചുവെന്നുമാണ് മുഖ്യമന്ത്രിയുടെ മറ്റൊരു അവകാശ വാദം. 1970 മുതല്‍ 96 വരെ പ്രവര്‍ത്തിച്ചിരുന്ന കൊച്ചിയിലെ പഴയ തോഷിബാ ആനന്ദ് ഫാക്ടറിയെ എങ്ങനെ പൂട്ടിച്ചെന്നും ആരാണ് തോഷിബയെ ഓടിച്ചെന്നും നാട്ടുകാര്‍ക്കറിയാം. വീണ്ടും അവരെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെ ക്ഷണിക്കുന്നത് വിരോധാഭാസമാണ്. തോഷിബയുമായി കരാര്‍ ഒപ്പിട്ടത് തോഷിബ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറുമായാണ്. തോഷിബയുടെ ഗ്ളോബല്‍ തലവനെ കാണാനും ധാരണാ പത്രം ഒപ്പു വയ്ക്കാനുമാണ് മുഖ്യമന്ത്രി പോയതെങ്കില്‍ മനസിലാക്കാം. പക്ഷേ ഇന്ത്യയിലെ തോഷിബയുടെ മാനേജിംഗ് ഡയറക്ടറെ കാണാന്‍ വിദേശത്ത് പോയ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.
'കഴിഞ്ഞ തവണ നെതര്‍ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ 30,000 നഴ്സുമാരെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ധാരണ ഉണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. ഒരൊറ്റയാളെപ്പോലും ഇത് വരെ റിക്രൂട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന മാത്രമേ തങ്ങള്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യൂ എന്ന് ഡച്ച് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. കൊറിയക്കാരുമായുള്ള ധാരണാ പത്രത്തിന്റെ അവസ്ഥയും ഇങ്ങനെയാകുമോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.'
'സ്വിറ്റ്സര്‍ലാന്റില്‍ കഴിഞ്ഞ തവണ നടത്തിയ സന്ദര്‍ശനത്തില്‍ ഖരമാലിന്യ സംസ്ക്കരണത്തില്‍ ധാരണാ പത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി അവാകാശപ്പെട്ടിരുന്നു. അതനുസരിച്ചുള്ള ഖരമാലിന്യ സംസ്ക്കരണം എവിടെയാണ് നടപ്പിലായെതെന്ന് മുഖ്യമന്ത്രി പറയണം. വിദേശ സര്‍വ്വകലാശാലകളുമായി ചില സാന്ഡ്വിച്ച് കോഴ്സുകളില്‍ താത്പര്യ പത്രം കൈമാറല്‍ നടന്നുവത്രേ. ഇത് നമ്മുടെ സര്‍വകലാശാലകളിലേയും അവിടത്തെ സര്‍വ്വകലാശാലകളിലേയും രജിസ്റ്റാര്മാര് തമ്മില്‍ കത്തിടപാടുകളിലൂടെ നടത്താവുന്ന കാര്യമാണ്. അതിന് മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കേണ്ട കാര്യമില്ല. '
ക്ളാസ് റൂമില്‍ വച്ച കുട്ടികള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന അവസ്ഥയാണ് യഥാര്‍ത്ഥത്തിലുള്ളത്. അത് ശരിയാക്കിയിട്ട് പോരെയായിരുന്നോ വിദേശത്ത് നിന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇറക്കുമതി ചെയ്യുന്നത്? മുഖമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വ്യവസായികളുടെ യോഗത്തില്‍, ഇവിടെയുള്ള നിക്ഷേപങ്ങള്‍ നന്നാക്കിയിട്ട് പോരെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കലെന്ന് ഒരു വ്യവസായി ചോദിച്ചു. കേരളീയര്‍ക്ക് ചോദിക്കാനുള്ളതും ഇത് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു