കുട്ടനാട്: ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ബന്ധുക്കളായ രണ്ടുപേർ മരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ വിമൽ രാജ്, വിമൽ രാജിൻറെ സഹോദരന്റെ മകൻ ബെനഡിക്ട് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടാണ് അപകടം. നെടുമുടി ആറ്റുവാത്തല ഗുരുക്ഷേത്രത്തിന് സമീപം പമ്പയാറ്റിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ചൂണ്ടയിടുന്നതിനായി ഇവർ ഇടയ്ക്ക് നെടുമുടിയിലെ ബന്ധുവീട്ടിൽ എത്താറുണ്ട്. ഇന്നലെയും പതിവുപോലെ എത്തിയതായിരുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ നൂലുകെട്ടിയ ചൂണ്ട ആറ്റിലേക്ക് ഇടുന്നതിനിടെ കുപ്പിയും ആറ്റിൽ വീണു. ഇതെടുക്കാൻ ആറ്റിലിറങ്ങിയതായിരുന്നു ബെനഡിക്ട്. കുപ്പിയുമെടുത്ത് തിരികെ നീന്തുന്നതിനിടെ ബെനഡിക്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ബെനഡിക്ടിനെ രക്ഷിക്കാൻ വേണ്ടി വിമലും ആറ്റിൽച്ചാടി. എന്നാൽ ഇരുവരും ഒന്നിച്ച് മുങ്ങിത്താഴുകയായിരുന്നു.