കോട്ടയം: കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ സ്വകാര്യ ബസ് മിനി ലോറിയിലിടിച്ചു യുവാവ് മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മുണ്ടക്കയം കോരുത്തോട് - മടുക്കയ്ക്ക് അടുത്ത് പാറക്കുന്നേൽ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ സെബിൻ (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് പോയ മിനി ലോറിയിൽ എതിർദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറികടന്നുവന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ഗ്യാസ് ഏജൻസിക്കു സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടൻ സെബിനെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ തിടനാട് പൊലീസ് കേസെടുത്തു.