പമ്പ: ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ വനമേഖലയിൽ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായിരുന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി സേഫ് സോൺ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന കണമല, ളാഹ, നിലയ്ക്കൽ - പമ്പ റൂട്ടുകളിൽ മോട്ടോർ വാഹന വകുപ്പ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തിയ ശേഷം വാഹനങ്ങൾക്ക് മാർഗ്ഗ നിർദേശം നൽകും.
അത് കൊണ്ട് തന്നെ നേരത്തെ ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അപകട സാധ്യതയും ഗതാഗത തടസവും പദ്ധതിയിലൂടെ പരിഹരിക്കാനായിട്ടുണ്ട്. അഗ്നി ശമന സേന, പൊലിസ്, റവന്യു, വനം വകുപ്പ് അടക്കമുള്ള വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് വിജയം കണ്ടതോടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അപകട സാധ്യതയേറിയ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.