മാവോയിസ്റ്റുകള്‍ക്ക് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്. വിശാല ഹൃദയമുള്ളവര്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ലെന്ന് സമസ്ത ജോയിന്റ് സെക്രട്ടറി ബഹാവുദ്ദീന്‍ നദ് വി പറഞ്ഞു. മുസ്ലിം യുവാക്കളാണ് പിടിക്കപ്പെട്ടതെന്ന് കരുതി അവര്‍ക്ക് മുസ്ലിം സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്. മാവോയിസ്റ്റുകളുമായി മുസ്ലിം സംഘടനകള്‍ സഹകരിക്കാറില്ല. പി മോഹനന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് യുഎപിഎ ദുരുപയോഗിക്കപ്പെടുന്നുണ്ട്. നിരപരാധികള്‍ക്കെതിരെ ഈ വകുപ്പ് ചുമത്തുന്നുണ്ട്. ജനാധിപത്യശക്തികള്‍ ഇതിനെതിരെ രംഗത്തുവരണം. എല്ലാ മതവിഭാഗങ്ങളിലും തീവ്രവാദികളുണ്ട്. പിടിയിലാകുന്നവരുടെ പേര് മാത്രം വെച്ച് ഒരു മതവിഭാഗത്തിന്റെത് മാത്രമാണ് തീവ്രവാദം എന്ന് പറയുന്ന രീതി മാറണം. പൊലീസില്‍ ക്രിമിനലുകളുണ്ട്. സാമൂഹത്തെ മനസ്സിലാക്കാതെ പെരുമാറുന്നവരും ഹൃദയവിശാലതയില്ലാത്തവരും പൊലീസിലുണ്ട്. അതുകൊണ്ടുകൂടിയാണ് ഇത്തരം ചാപ്പകുത്തലുകളുണ്ടാകുന്നത്. - ബഹാവുദ്ദീന്‍ പറഞ്ഞു.
സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും കള്ളികളില്‍ ഒതുങ്ങുന്നില്ല. വിഷയാധിഷ്ഠിതമായി ഇടതുപക്ഷവുമായി പോലും സഹകരിക്കാമെന്നാണ് സമസ്തയുടെ നിലപാട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമസ്തയിലെ ചില നേതാക്കളുടെ പ്രസ്താവനയും സുപ്രഭാതത്തില്‍ വന്ന ചില ലേഖനങ്ങളും തങ്ങളുടെ പിന്തുണ യു.ഡി.എഫിനാണെന്ന പ്രതീതിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സമസ്ത ആകെ അങ്ങനെയൊരു നിലപാടെടുത്തിട്ടില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ജാഥകളെക്കുറിച്ച് വിശദീകരിക്കാന്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
പി മോഹനന്റെ പ്രസ്താവനക്കെതിരെ നേരത്തെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ പി മോഹനന് ലേഖനമെഴുതി. താനുദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്നുമായിരുന്നു മോഹനന്റെ വിശദീകരണം. എന്നാല്‍ മോഹനന്റെ വിശദീകരണം സമസ്തക്ക് മനസ്സിലായിട്ടില്ലെന്നാണ് നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.