ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി ചോദ്യം ചെയ്തു നൽകിയ പുനഃപരിശോധനാ ഹർജികളും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിലേക്ക്. 2020 ജനുവരിയിൽ കേസ് പരിഗണിച്ചേക്കുമെന്ന് കോടതി അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. വിശാല ബഞ്ച് പരിഗണിക്കുന്നതിനാൽ പുനഃപരിശോധന ഹർജികളുടെ നാലു വീതം അധിക പകർപ്പുകൾ ഉടൻ സമർപ്പിക്കാനും അസിസ്റ്റന്റ് രജിസ്ട്രാർ അഭിഭാഷകർക്ക് നിർദേശം നൽകി.
നിലവിൽ അഞ്ചുപേരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നാലു പേപ്പർ ബുക്കുകൾ ചോദിച്ച സഹചര്യത്തിൽ ഒൻപതംഗ ബഞ്ച് കേസ് പരിഗണിക്കാനാണ് സാധ്യത. വിശ്വാസ പ്രശ്നങ്ങളിൽ തീരുമാനം എടുത്ത ശേഷം പുനഃപരിശോധന ഹര്ജികളിൽ തീരുമാനം എടുക്കും എന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു വിശാല ബെഞ്ചിന് വിട്ടത്. ഹർജികൾ കൈമാറുന്നതോടെ ശബരിമല കേസിൽ ഏഴംഗ വിശാല ബെഞ്ചിന് നേരിട്ട് വിധി പറയാനാകും.
കഴിഞ്ഞ മാസം 14 നാണ് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിയത്. യുവതീപ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യുകയും ചെയ്തില്ല. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മതപരമായ വിഷയങ്ങൾക്ക് ഭാവിയിൽ രൂപീകരിക്കുന്ന ഏഴംഗ ബെഞ്ച് പരിഗണിക്കാവുന്നതായി ശബരിമല സംബന്ധിച്ചതുൾപ്പെടെ 8 കാര്യങ്ങൾ ഭൂരിപക്ഷ വിധിയിൽ കോടതി മുന്നോട്ടുവയ്ക്കുകയായിരുന്നു.
1965ലെ കേരള പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങൾ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ? എന്നാണ് ശബരിമലയെക്കുറിച്ചു പ്രത്യേകമായുള്ള ചോദ്യം. ഇത് പരിഗണിക്കുമ്പോൾ താൽപര്യമുള്ള കക്ഷികൾക്കെല്ലാം നിലപാടു പറയാൻ അവസരം നൽകേണ്ടതുണ്ടോയെന്നും ഏഴംഗ ബെഞ്ചാണ് തീരുമാനിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എഴുതിയ ഭൂരിപക്ഷ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.