തിരുവനന്തപുരം: എവിടെ വേണമെങ്കിലും ആശുപത്രികൾ ഒരുക്കാം. അതും മണിക്കൂറുകൾ കൊണ്ട്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയും ഐഐടി മദ്രാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് ആയ മോഡുലസ് ഹൗസിംഗും സംയുക്തമായാണ് പുതിയ സംരംഭം ആരംഭിച്ചത്. മെഡിക്യാബ് എന്നാണ് റെഡിമെയ്ഡ് ആശുപത്രിയുടെ പേര്.
ഇവയില്‍ നെഗറ്റീവ് പ്രഷർ നിലനിര്‍ത്തിയിരിക്കുന്നു. നാലുപേര്‍ ചേര്‍ന്ന് ഇത് എവിടെയും രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥാപിക്കാനാകും. പൊടിയും മറ്റും കടക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പനയും നിർമാണവും. വൈദ്യുത സംവിധാനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനത്തമഴ പോലുള്ള മോശം കാലാവസ്ഥയെയും ഇതിന് അതിജീവിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം.
ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ സുഭാഷ് എന്‍.എന്‍, മുരളീധരന് സി.വി, മോഡുലസ് ഹൗസിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീറാം രവിചന്ദ്രന്‍ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ആശുപത്രി സംവിധാനങ്ങള്‍ പോരാത്ത സ്ഥിതി വരാമെന്നും ഈ സാഹചര്യത്തെ അതിജീവിക്കാന്‍ മെഡിക്യാബിലൂടെ കഴിയുമെന്നും ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു.
പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാല്‍ ഇതിനെ യഥാര്‍ത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുക്കാന്‍ കഴിയും. അനായാസം സൂക്ഷിക്കാനും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും ഈ സവിശേഷത മെഡിക്യാബിനെ സഹായിക്കുന്നു. സ്ഥലസൗകര്യം, ആവശ്യകത എന്നിവ അനുസരിച്ച് അശുപത്രികളുടെ പാര്‍ക്കിംഗ് ഏരിയ, ടെറസ് മുതലായ സ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കാം.
ചെന്നൈ ചെങ്കല്‍പ്പേട്ട് സുഗാ ഹെല്ത്ത്കോര്പ് പ്രൈവറ്റ് കോര്‍പ്പറേഷനില്‍ 34 ലക്ഷം രൂപ ചെലവില്‍ 30 കിടക്കകളോട് കൂടിയ ആശുപത്രിയും വയനാട് വരദൂറില പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് 16 ലക്ഷം രൂപ മുതല്‍ മുടക്കി 12 കിടക്കകളോട് കൂടിയ ആശുപത്രിയും സ്ഥാപിച്ചുകഴിഞ്ഞു. കർണാടകയിൽ 100 കിടക്കകൾ ഉള്ള ആശുപത്രി 1.87 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്.