മലപ്പുറം (Malappuram) തിരൂരങ്ങാടി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥർ. മഞ്ചേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് കർശന നടപടി എടുത്തത്. തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു. വിദ്യാർഥിനി ബസിൽനിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ബസ്സ് ആളുകളെ ഇറക്കിക്കയറ്റി മുന്നോട്ട് എടുക്കുന്ന സമയത്ത് മുൻ വാതിലിലൂടെ പെൺകുട്ടി പുറത്തേക്ക് വീഴുക ആയിരുന്നു. ബസ്സ് അപ്പോൾ തന്നെ നിർത്തുകയും ചെയ്തു. ബസിന് ഡ്രൈവർക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഓട്ടോമാറ്റിക് വാതിൽ ആണ് ഉള്ളത്. ആളുകൾ ഇറങ്ങി കയറിയ ശേഷം വാതിൽ അടച്ച ശേഷം വേണം ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കാൻ. എന്നാൽ ഇവിടെ അങ്ങനെ ഉണ്ടായില്ല എന്നത് ആണ് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. അടുത്തുള്ള ഒരു സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിരുന്നു. ഇത് പരിശോധിച്ചതോടെ ആണ് മോട്ടോർ വാഹന വകുപ്പും കർശന നടപടി എടുത്തത്.
ബസിൽ നിന്ന് വീണ പെൺകുട്ടിയുടെ പരിക്ക് ഗുരുതരം അല്ല. എന്നാൽ നടപടിക്ക് എതിരെ തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തി. സ്വകാര്യ ബസ് തൊഴിലാളികളെ ദ്രോഹിക്കുന്ന ഉദ്യോസ്ഥ -സാമൂഹ്യ വിരുദ്ധ നടപടി അവസാനിപ്പിക്കണമെന്ന് സി ഐ ടി യു ആവശ്യപ്പെട്ടു. സി ഐ ടി യു പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരം."ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളെ അന്യായമായി വേട്ടയാടി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടേയും സാമൂഹ്യ ദ്രോഹികളുടേയും നടപടി അടിയന്തിരമായി അവസാനിപ്പിക്കണം. സ്വകാര്യ ബസ് വ്യവസായ മേഖലയുടെ നടത്തിപ്പും അതിലെ തൊഴിൽ സാഹചര്യവും അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിയിൽ ട്രാൻസ്പോർട്ട് വകുപ്പും പോലീസും ചില സാമൂഹിക വിരുദ്ധരും സ്വകാര്യ ബസ് തൊഴിലാളികളെ ജനങ്ങളുടേയും വിദ്യാർത്ഥികളുടേയും ശത്രുക്കളായി പ്രഖ്യാപിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത്...''
സിഐടിയു പ്രസ്താവന- '' സ്വകാര്യ ബസ്സിൽ ഇപ്പോൾ രണ്ട് പേരെ മാത്രമാണ് ഉടമകൾ ജീവനക്കാരായി നിയമിച്ച് സർവ്വീസ് നടത്തിക്കുന്നത്. തിരൂരങ്ങാടിയിൽ ഇന്ന് സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി മുന്നോട്ടെടുത്ത ബസ്സിൽ നിന്നും പുറത്തുള്ള കൂടുകാരി വിളിച്ച സമയം പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനി റോഡിൽ വീഴുകയുണ്ടായി. ഈ സംഭവത്തിൽ മോട്ടോർ വകുപ്പുദ്യോഗസ്ഥർ ഡ്രൈവറുടെ ലൈസൻസ് സസ്പൻ്റ് ചെയ്തിരിക്കുകയാണ്. സമാനമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങളും നടക്കുന്നുണ്ട്. സ്വകാര്യ ബസ് തൊഴിലാളികൾക്കെതിരെ ഉദ്യോഗസ്ഥ ഭാഗത്തു നിന്നും നടക്കുന്ന ഇത്തരം ആക്രമണ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ല.''
''ഒരു തൊഴിലാളിയായ ഡ്രൈവറുടെ തൊഴിലായുധമാണ് ലൈസൻസ് അത്തരം തൊഴിലായുധമാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നത്. തിരൂരങ്ങാടിയിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയ ഉദ്യോഗസ്ഥ നടപടി ഉടൻ പുനഃപരിശോധിച്ച് ലൈസൻസ് അടിയന്തരമായി പുനഃസ്ഥാപിച്ചു നൽകണം. അല്ലാത്തപക്ഷം ശക്തമായ നടപടികൾക്ക് യൂണിയന് നേതൃത്വം നൽകേണ്ടി വരും." - സിഐടിയു വ്യക്തമാക്കി.