കൊച്ചി: ലൗ ജിഹാദ് ആരോപണം ആവർത്തിച്ച് സിറോ മലബാർ സഭയുടെ പളളികളിൽ സർക്കുലർ. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐ. എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നെന്ന് സർക്കുലറിൽ പറയുന്നു. ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം എറണാകുളം അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ സർക്കുലർ വായിക്കാൻ കഴിഞ്ഞില്ല.
ഇടയലേഖനത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ എന്ന ഭാഗത്തിലാണ് ലൗ ജിഹാദ് പരാമർശിക്കുന്നത്. പ്രണയകുരുക്കിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഗൌരവത്തോടെ കാണേണ്ടതാണ്. മതസൌഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സർക്കുലർ പറയുന്നു.
മതങ്ങൾ തമ്മിലുള്ള സൌഹൃദത്തെ ബാധിക്കുന്ന തരത്തിൽ ഇത്തരം പ്രണയബന്ധങ്ങളെ ആരും മനസിലാക്കരുത്. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായോ ഭീകരവാദപ്രവർത്തനമായോ മനസിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സീറോ മലബാർ സഭ സിനഡ് ആവശ്യപ്പെട്ടതായി സർക്കുലറിലുണ്ട്. ഈ വിഷയത്തിന്റെ അപകടത്തെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാനും സിനഡ് തീരുമാനിച്ചിരുന്നു.