മണ്ഡലകാല സമയത്ത് 35 ലക്ഷം രൂപ മുടക്കിയാണ് ഇളനീർ കച്ചവടക്കാർ ലേലം പിടിക്കുന്നത്. കഴിഞ്ഞ വർഷം യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം അയ്യപ്പ ഭക്തരുടെ വരവിനെ ബാധിച്ചതോടെ ഇളനീർ കച്ചവടക്കാർ നേരിട്ടത് ലക്ഷങ്ങളുടെ നഷ്ടമാണ്. ഈ നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെ കച്ചവടമാരംഭിച്ച വ്യാപാരികളുടെ പ്രതിസന്ധി പുതിയ മണ്ഡലകാല സമയത്തുംഅവസാനിക്കുന്നില്ല. മണ്ഡലകാലത്ത് സാധാരണ ഒരു ദിവസം ശരാശരി 5000 ഇളനീരുകൾ നേരത്തെ വിറ്റു പോയിരുന്നുവെങ്കിൽ ഇത്തവണ വിൽപ്പന 3000 ത്തിൽ താഴെയായി കുറഞ്ഞു.
സംസ്ഥാനത്ത് ഉൽപാദനം വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ പല കച്ചവടക്കാരും തമിഴ്നാട്ടിൽ നിന്നാണ് ഇളനീർ എത്തിക്കുന്നത്. അതിനാൽ ചരക്ക് കൂലി കൂടി അധികമായി നൽകേണ്ടി വരുന്നതോടെ ലേല തുകയെങ്കിലും തിരിച്ചു പിടിക്കാനാകുമോ എന്ന ആശങ്കയിലാണിവർ. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ ആനുപാതികമായി ഇളനീർ വിൽപന വർധിച്ചിട്ടില്ല എന്ന് മാത്രം. അതേ സമയം പമ്പയിലെത്തുന ഇളനീരിനെ കുറിച്ച് ഭക്തർക്കിടയിലെ പരാതിയും വ്യാപകമാണ്.അമിത വിലയും നിലവാരമില്ലായ്മയുമാണ് ഇളനീരിനോട് മുഖം തിരിക്കാനുള്ള കാരണമെന്ന് ഭക്തർ പറയുന്നു.