തലശ്ശേരി ദേശീയപാതയില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മഹാരാഷ്ട്രക്കാരനായ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ തലശ്ശേരി അഗ്നിശമന സേനയിലെ 10 ജീവനക്കാര്‍ ക്വറന്റീനിലായി. മഹാരാഷ്ട്രക്കാരനായ ഡ്രൈവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്ന് തന്നെ സ്രവം പരിശോധനക്കയച്ചിരുന്നു. ബുധനാഴ്ചയാണ് കോവിഡ് ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. ലോറി അപകടത്തില്‍പെട്ട സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമന സേനാംഗങ്ങള്‍ക്കു പുറമെ നാട്ടുകാരായ ചിലരും രംഗത്തിറങ്ങിയിരുന്നു. ഇവരുടെ വിവരവും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചരക്കുമായി പോവുന്ന ലോറിയും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയും കൂട്ടിയിടിച്ചത്.