കൊച്ചി: കേരള കോണ്‍ഗ്രസിന്റെ ഇടുതുമുന്നണി പ്രവേശനം രാഷ്ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ച ആകുന്നതിനിടെ മുസ്ലിംലീഗ് നേതൃത്വം കത്തോലിക്ക സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. കൊച്ചിയില്‍ യു.ഡി.എഫ് യോഗങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ലീഗ് നേതാക്കള്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്തെത്തിയത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നേതാക്കള്‍ ആശയവിനിമയം നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ന്യൂസ് 18നോട് പ്രതികരിച്ചു. സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എക്കാലവും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന സഭയുടെ പിന്തുണ ഇനിയും മുന്നണിക്കു തന്നെയുണ്ടാവുമെന്ന് എം.കെ.മുനീര്‍ പ്രതികരിച്ചു. കോണ്‍ഗ്രസുമായുള്ള രൂക്ഷമായ അഭിപ്രായഭിന്നതകൾക്ക് ഒടുവില്‍ യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. മുസ്ലിംലീഗ് മുൻ കൈയെടുത്തു നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജോസ് പക്ഷം പുറത്തേക്ക് പോയത്.
കത്തോലിക്കാസഭയുടെ ശക്തമായ വോട്ട് ബാങ്ക് പിന്തുണയുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മറുപക്ഷത്ത് ചേക്കേറുമ്പോള്‍ ക്രൈസ്തവ വോട്ടുകള്‍ക്ക് നിർണായ സ്വാധീനമുള്ള മധ്യതിരുവിതാംകൂറിലെ ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടി ഉണ്ടാകുമോയെന്ന ആശങ്ക യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കയും കൂടിക്കാഴ്ചയില്‍ ലീഗ് നേതാക്കള്‍ സഭാ നേതൃത്വവുമായി പങ്കു വച്ചെന്നാണ് സൂചന.
വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് യു.ഡി.എഫ് തയ്യാറല്ലെന്ന് നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന്.ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടിയുള്ള ലീഗ് സന്ദര്‍ശനം പ്രസക്തമാകുന്നത്.