പൂര്‍വാചാര പ്രകാരം മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടില്‍ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടു കുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും നെയ്തെടുത്ത പൂക്കൂടകള്‍, പെട്ടികള്‍, വ്രതശുദ്ധിയോടെ തയ്യാറാക്കിയ വനവിഭവങ്ങൾ എന്നിവയുമായാണ് 101 അംഗ സംഘം എത്തിയത്. കാഴ്ചവസ്തുക്കള്‍ അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ച് വണങ്ങി.
ശബരിമലയിൽ എത്താന്‍ വ്രതം നോക്കുന്ന വിവിധ ഊരുകളില്‍ നിന്നുളളവര്‍ വൃശ്ചികം ഒന്നിന് കോട്ടൂര്‍ മുണ്ടണി മാടന് തമ്പൂരാന് ക്ഷേത്ര ട്രസ്റ്റില്‍ എത്തി രജിസ്ടര്‍ ചെയ്യും. പിന്നെ തിയതി നിശ്ചയിച്ച് ഒന്നിച്ചാണ് യാത്ര. ഇത്തവണ സംഘത്തില്‍ 30 കുട്ടികളും 7 മാളികപ്പുറങ്ങളുമെത്തി. എല്ലാ വര്‍ഷവും സന്നിധാനത്തെത്തുന്ന ഇവര്‍ക്ക് സൗജന്യമായി ദേവസ്വം ബോര്‍ഡ് ഒരു ദിവസത്തെ താമസസൗകര്യം ഒരുക്കും.