കോഴിക്കോട്: നരിക്കുനിയിലും കുറ്റ്യാടിയിലും പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ബി.ജെ.പി.യുടെ പൊതുപരിപാടിക്കെതിരെ പ്രതിഷേധ സൂചകമായി കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. നരിക്കുനിയില്‍ എ.പി. അബ്ദുല്ലക്കുട്ടിയും കുറ്റ്യാടിയില്‍ എം.ടി. രമേശും നേതൃത്വം നല്കിയ പരിപാടിയാണ് വ്യാപാരികളും നാട്ടുകാരും കൂട്ടത്തോടെ ബഹിഷ്ക്കരിച്ചത്
ബി.ജെ.പി. അനുഭാവികളുടെ വിരലിലെണ്ണാവുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രം തുറന്നു. ഓട്ടോ-ടാക്സി തൊഴിലാളികളും പരിപാടി ബഹിഷ്ക്കരിച്ചു. പൗരത്വ ഭേദഗതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ മുതലെടുപ്പ് നടത്തുകയാണെന്ന് എം.ടി. രമേശ് കുറ്റ്യാടിയില്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളാണ് കടകള്‍ അടച്ചതെന്ന് എ.പി. അബ്ദുല്ലക്കുട്ടി ആരോപിച്ചു
രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത് എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയോടാണ് വ്യാപാരികളും നാട്ടുകാരും പുറംതിരിഞ്ഞ് നിന്നത്. കുറ്റ്യാടിയിലെ പരിപാടിക്ക് ആളു കുറഞ്ഞതിനാല്‍ മൂന്ന് മണിക്ക് ആരംഭിക്കേണ്ട റാലി തുടങ്ങിയതാകട്ടെ നാലരയ്ക്ക് ശേഷവും. വൈകിയാണെങ്കിലും റാലിയും പൊതുസമ്മേളനവും നടത്താന്‍ കഴിഞ്ഞുവെന്നതാണ് ബി.ജെ.പി.യുടെ ആശ്വാസം