തൃശൂര്‍: ചികിത്സയ്ക്കായി രണ്ടു കോടി രൂപ ചെലവഴിച്ചിട്ടും കോവിഡ് (Covid) ന്യൂമോണിയ ബാധിച്ച 21കാരനെ രക്ഷിക്കാനായില്ല. 59 ദിവസത്തെ ആശുപത്രി വാസത്തിനുമൊടുവില്‍ അര്ജുന് (21) വിടപറഞ്ഞു. തൃശൂര്‍ ഒല്ലൂക്കര തെക്കൂട്ട് വീട്ടില്‍ ടി.എസ്. ഹരിശങ്കറിന്റെയും സരിതയുടെയും മകനായ അർജുൻ ഹൈദരാബാദിൽ ഐഐടി (Hyderabad IIT) വിദ്യാർഥിയായിരുന്നു. ഡിസംബര്‍ 30നു വൈകിട്ട് പനി ബാധിച്ചു മരുന്നു കഴിച്ചു കിടന്ന അര്‍ജുനെ പിറ്റേന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഹൈദരാബാദ് കോണ്ടിനെന്റല് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കോവിഡ് ആണെന്നു വ്യക്തമായത്.
59 ദിവസത്തെ ചികിത്സയ്ക്ക് 2 കോടി രൂപയോളം ചെലവായിരുന്നു. ഇതിനിടെ സ്ഥിതിഗതികൾ അൽപ്പം മെച്ചപ്പെട്ടു. ഇതോടെ അർജുനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റാനായി കഴിഞ്ഞദിവസം എയര്‍ ആംബുലന്‍സ് സംവിധാനമൊരുക്കുകയും ചെയ്തു. എന്നാൽ ഇന്നലെ രാത്രിയോടെ അർജുന്റെ ആരോഗ്യനില വീണ്ടും വഷളായി. തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. സംസ്ക്കാര ചടങ്ങുകൾ ഹൈദരാബാദില്‍ തന്നെ നടത്തി.
ഐഐടി പരിശീലന കേന്ദ്രങ്ങളിൽ ഉൾപ്പടെ ഒന്നാം റാങ്ക് നേടിയ മിടുക്കനായ വിദ്യാർഥിയായിരുന്നു അർജുൻ. അർജുനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ എല്ലാ രീതിയിലും പരിശ്രമിച്ച സുഹൃത്തുക്കൾക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ആ വിയോഗം. എല്‍ഐസി ഡവലപ്മെന്റ് ഓഫിസറാണ് അർജുന്റെ അച്ഛന് ഹരിശങ്കര്‍. അമ്മ സരിത ചിമ്മിനി എച്ചിപ്പാറ ട്രൈബല്‍ സ്കൂളില്‍ അധ്യാപികയാണ്. സഹോദരി ആരതി പ്ലസ് ടു വിദ്യാര്‍ഥിയാണ്.