പത്തനംതിട്ട: പമ്പാ ഡാമിന്റെ ആറു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ ഉയർത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പമ്പാ ഡാമിന് റെഡ് അലര്‍ട്ട് നല്‍കാതെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയായി. ജലനിരപ്പ് അനുസരിച്ച് 2 ഷട്ടറുകൾ വീതമാണ് തുറക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കളക്ടർ വ്യക്തമാക്കി.
പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിംഗ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ വെള്ളമാണ്.
അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്പോണ്സിബിള് ഓഫീസര്‍ (തിരുവല്ല സബ് കളക്ടര്‍, അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തേണ്ടതാണെന്നും കളക്ടർ നിർദേശിച്ചു.