പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ശബരിമല ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള വിഷയമല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നയം വാളയാര്‍ വരെ മാത്രം നില്‍ക്കുന്നതാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. തന്റെ വീട്ടിലുള്ളവര്‍ ആചാര ലംഘനം നടത്തില്ലെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പോലും ഈ സര്‍ക്കാരിന് കീഴില്‍ നിസ്സഹായനായെന്നും മുരളീധരന് കോന്നിയില്‍ പറഞ്ഞു.
ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ കൂട്ടുനിൽക്കണോ എന്ന് എല്ലാവരും ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ആചാര സംരക്ഷണത്തിന് മന്നത്ത് പത്മനാഭന്റെ നിലപാടുകൾ വേണം പിൻതുടരാന്. മന്നത്ത് പത്മനാഭന്റെ പിൻതലമുറകളെ അവഗണിച്ചു കൊണ്ടുള്ള നവോത്ഥാനം എന്ത് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനായില്ല എന്ന് പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകലാണ് നവോത്ഥാനം. മന്നത്ത് പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന സൂര്യൻ. നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ നാടകം കളിച്ചാൽ അത് ജനങ്ങൾ തിരിച്ചറിയാനാകുമെന്നും മുരളീധരൻ പറഞ്ഞു.