ഇടുക്കി: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ 10.20 ഓടെയാണ് അദ്ദേഹം കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്.സൗമ്യയുടെ ഭർത്താവ് സന്തോഷിനെയും കുടുംബത്തെയും ആശ്വസിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താൻ എത്തിയിരിക്കുന്നതെന്നും അറിയിച്ചു. എല്ലാ പിന്തുണയും കുടുംബത്തിന് വാഗ്ദാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് അജി, ഇടുക്കിയിലെ എൻഡിഎ സ്ഥാനാര്‍ഥിയായിരുന്ന സംഗീത വിശ്വനാഥ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നികത്താനാവാത്ത നഷ്ടമാണ് അവർക്ക് സംഭവിച്ചതെങ്കിലും കേന്ദ്രസർക്കാർ കൂടെയുണ്ടെന്ന ഉറപ്പ് പ്രധാനമന്ത്രിക്കു വേണ്ടി നൽകിയെന്ന് പിന്നീട് വി മുരളീധരൻ വ്യക്തമാക്കി. ഇസ്രായേൽ പ്രസിഡന്റ് ഫോണിൽ വിളിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും ആ വീട്ടിലെത്തിയില്ല എന്നത് ഖേദകരമാണ്. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മെയ് 11നാണ് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചു കൊണ്ടിരിക്കെ അഷ്ക്ക ലോണിലെ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി കെയർടേക്കറായി ജോലി ചെയ്തുവരുന്ന സൗമ്യ രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ആറ് മാസത്തിന് ശേഷം ജോലി മതിയാക്കി തിരിച്ചു പോരുവാനായി തീരുമാനിച്ചിരിയ്ക്കുമ്പോഴാണ് ദുരന്തം. മുൻപഞ്ചായത്ത് അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ സന്തോഷ്. ഒൻപത് വയസുള്ള അഡോൺ ഏക മകനാണ്.
സൗമ്യയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. കളക്ടർ എച്ച് ദിനേശൻ സൗമ്യയുടെ വീട്ടിലെത്തിയെങ്കിലും അത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിനിധീകരിച്ചായിരുന്നു. കോൺഗ്രസും ബിജെപിയും സർക്കാർ പ്രതിനിധി പങ്കെടുക്കാത്തതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് വീട് സന്ദർശിച്ച ഇസ്രായേൽ കോൺസൽ ജനറൽ അഭിപ്രായപ്പെട്ടിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.
സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ലെന്ന് പി സി ജോർജും വിമർശിച്ചിരുന്നു. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കീരിത്തോട്ടിലെ വീട്ടിലെത്തി പി സി ജോർജ് സൗമ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.