സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ചട്ടലംഘനം നടത്തിയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. തീർപ്പാകാത്ത ഫയലുകൾ മന്ത്രിക്ക് കൈമാറണമെന്ന ഉത്തരവാണ് പുറത്തായത്. സർവകലാശാലകളിലെ അദാലത്തിന് മുൻകൈയ്യെടുത്തത് മന്ത്രിയുടെ ഓഫീസാണ്. മന്ത്രി അദാലത്തില്‍ പങ്കെടുക്കുകയും ഫയലുകളില്‍ തീരുമാനമെടുക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അദാലത്തിന്റെ ഫയലുകള്‍ കാണണമെന്ന് പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.
വിവിധ സര്‍വകലാശാലകള്‍ അദാലത്ത് നടത്തുന്നത് സംബന്ധിച്ച് ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇത്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയുള്ളത്.
മന്ത്രി ഈ അദാലത്തില്‍ പങ്കെടുക്കുമെന്ന് ഉത്തവില്‍ പ്രത്യേകം പറയുന്നു. അദാലത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ അതേദിവസം ഇത്തരം സമിതികള്‍ പരിശോധിച്ച് തീര്‍പ്പാക്കാവുന്നതാണെങ്കില്‍ സംഘാടകസമിതിതലത്തില്‍ തീര്‍പ്പാക്കണമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയല്‍ മാത്രം മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നല്‍കണമെന്നും പറയുന്നുണ്ട്.
അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തില്‍ മറ്റുതരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലും തീരുമാനമാകാത്ത ഫയലുകള്‍ മന്ത്രിയുടെ മുന്പില് എത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്ന ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. ചാന്‍സിലറുടെ അനുമതിയില്ലാതെ ഇത്തരം ഫയല്‍ അദാലത്തുകളില്‍ പങ്കെടുക്കാന്‍തന്നെ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല.