'സ്കൂളും റെയിൽവേ ട്രാക്കും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളു, ട്രാക്കിൽ ഇറങ്ങാൻ വഴിയുമുണ്ട്. കഴിവതും പാളം മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്ന് കുട്ടികളെ ഓർമിപ്പിക്കണം. മുറിച്ചുകടക്കുന്നെങ്കിൽ അതീവ ജാഗ്രതവേണം. അധ്യാപകരോട് ശ്രദ്ധിക്കാൻ പറയണം. ഒരു കാരണവശാലും പാളത്തിലൂടെ നടക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം'- ഒരു ലോക്കോ പൈലറ്റ് മലപ്പുറം താനൂരിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് അയച്ച ശബ്ദസന്ദേശത്തിലെ പ്രധാന ഭാഗങ്ങളാണിത്. ഇങ്ങനെയൊരു സന്ദേശം അയയ്ക്കാൻ ഒരു കാരണമുണ്ട്. വിനോദ് എന്ന ലോക്കോ പൈലറ്റിന് ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം.
ട്രാക്കിലൂടെ നടന്നുപോയ മൂന്നു പെൺകുട്ടികളുടെ ജീവൻ അത്ഭുതകരമായി രക്ഷപെടുത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ലോക്കോ പൈലറ്റായ വിനോദ്. എറണാകുളം-നിസാമുദ്ദീൻ ലക്ഷ്ദ്വീപ് മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് വിനോദ്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഇപ്പോഴും നടുക്കത്തോട മാത്രം ഓർക്കാവുന്ന സംഭവം ഉണ്ടായത്.
എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള യാത്രയിലാണ് സംഭവം. ട്രെയിൻ താനൂർ ദേവദാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് അടുത്തെത്തിയപ്പോൾ ട്രാക്കിലൂടെ മൂന്ന് പെൺകുട്ടികൾ, അതും സ്കൂൾ യൂണിഫോമിൽ നടന്നുപോകുന്നത് ലോക്കോ പൈലറ്റായ വിനോദ് കണ്ടു. ഇതോടെ നിർത്താതെ ഹോണടിച്ചു. എന്നാൽ മറു ട്രാക്കിൽ കൂടി പോകുന്ന ഗുഡ്സ് ട്രെയിനിലായിരുന്നു പെൺകുട്ടികളുടെ ശ്രദ്ധ.
എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ നിമിഷങ്ങളായിരുന്നു അത്. ആലോചിച്ചുനിൽക്കാൻ ഒട്ടും സമയമില്ല. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഷുക്കൂറിനോട് പറഞ്ഞിട്ട് വിനോദ് എമർജൻസി ബ്രേക്ക് ചെയ്തു. അതുകൊണ്ട് ആ കുട്ടികളെ രക്ഷിക്കാനാകുമെന്ന് ഉറപ്പില്ലായിരുന്നുവെന്നാണ് വിനോദ് പറയുന്നത്. ബ്രേക്ക് ചെയ്തിട്ടും ഹോണടിച്ചുകൊണ്ടേയിരുന്നു. എന്നാൽ അതിനിടെ പെൺകുട്ടികളിൽ ഒരാൾ തിരിഞ്ഞുനോക്കിയതാണ് നിർണായകമായത്. അപ്പോഴേക്കും ട്രെയിൻ അവരുടെ തൊട്ടരികിൽ എത്തിയിരുന്നു.
ട്രെയിൻ വരുന്നത് കണ്ട കുട്ടി നിലവിളിച്ചതോടെ മൂന്നുപേരും ട്രാക്കിൽനിന്ന് ഓടിമാറുകയായിരുന്നു. എമർജൻസി ബ്രേക്ക് ചെയ്ത ട്രെയിൻ നിന്നതാകാട്ടെ കുട്ടികളെ നിന്ന സ്ഥലത്തുനിന്നും എഞ്ചിനും രണ്ടു ബോഗികളും മുന്നോട്ടുപോയ ശേഷമായിരുന്നു. രണ്ടു മിനിട്ടിനുശേഷം ട്രെയിനിന്റെ പ്രഷർ ചെക്ക് ചെയ്തശേഷമാണ് യാത്ര പുനരാരംഭിച്ചത്. കുട്ടികൾ ട്രാക്കിൽനിന്ന് മാറിയില്ലായിരുന്നെങ്കിൽ അപകടം ഉറപ്പായിരുന്നുവെന്ന് വിനോദ് പറയുന്നു.
അതിനും ദിവസങ്ങൾക്കുശേഷമാണ് വിനോദ് താനൂർ സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ബിന്ദുവിന്റെ ഫോൺ നമ്പർ വാങ്ങി ആറു മിനിട്ട് നീളുന്ന ശബ്ദസന്ദേശം അയച്ചത്. കുട്ടികൾ പാളത്തിലൂടെ നടക്കരുതെന്ന കാര്യം സ്കൂൾ അസംബ്ലിയിലും മറ്റും നിരന്തരം ഓർമിപ്പിക്കണമെന്നും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമെല്ലാം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിനോദ് ശബ്ദ സന്ദേശത്തിൽ പറയുന്നു.