തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ ഗസറ്റഡ് ഓഫീസർമാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം മിനിസ്റ്റീരിയൽ സ്റ്റാഫ് ജീവനക്കാർ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് കൂട്ടത്തോടെ പുറത്തുപോയി. കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണ സമരത്തിന് ആഹ്വാനം നൽകിയത്.
മിനിസ്റ്റീരിയൽ ജീവനക്കാരോ സംഘടനാ പ്രതിനിധികളെ പങ്കെടുക്കാതിരുന്ന യോഗത്തിൽ അവരെ സാരമായി ബാധിക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. വകുപ്പിലെ സാങ്കേതിക ജീവനക്കാരുടെ സംഘടന ഇടപെട്ട് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനുള്ള നീക്കം നടത്തി. ഇത് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
കൂടാതെ ഫയലിൽ കാലതാമസം വരുത്തുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കേരളത്തിലാദ്യമായി മോട്ടോർ വാഹന വകുപ്പിൽ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇത് ഓഫീസ് അറ്റന്‍ഡന്റ് മുതൽ സീനിയർ സൂപ്രണ്ട് വരെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വാട്സാപ്പ് ബഹിഷ്ക്കരണം നടത്തുന്ന ജീവനക്കാർ ആരോപിക്കുന്നു.