ദുബായിൽ (Dubai) മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും (Vlogger) യുട്യൂബറുമായ (YouTuber) റിഫ മെഹ്നുവിന്റെ (Rifa Mehnu) മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം (audio message) പുറത്തുവന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റിഫ മെഹ്നു അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തായത്. ഒപ്പം താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്.
റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നത് ഇങ്ങനെ- ‘‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്.
ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’’- എന്നാണ് റിഫ വോയ്സ് മെസേജിൽ പറയുന്നത്.
കോഴിക്കോട് ബാലുശേരി സ്വദേശിയായ റിഫയെ കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പുവരെ റിഫ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാനത്തെ പോസ്റ്റ്. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്.